
ലോസ് ആഞ്ചൽസ്: ബെൽജിയത്തെ 2-1ന് കീഴടക്കി യൂറോ ചാമ്പ്യൻമാരായ സ്‌പെയിൻ ലോകകപ്പ് സെമിയിലെത്തി. ഫാബിയാൻ റൂയിസും മൈക്കൽ മെറീനോയുമാണ് സ്‌പെയിനിനായി വലകുലുക്കിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും സൂപ്പർ സബ്ബായി ഇറങ്ങി നിർണായക ഗോൾ നേടിയ ആഴ്‌സനൽ താരം മെറീനോ വീണ്ടും ടീമിന്റെ വിജയശിൽപികളിലൊരാളായി. സെമിയിൽ ഫ്രാൻസാണ് സ്‌പെയിന്റെ എതിരാളികൾ.
ആക്രമണത്തിലും മധ്യനിരയിലും മികവ് പുലർത്തിയ സ്‌പെയിൻ നിരയിൽ ലമീൻ യമാലിനൊപ്പം ഏറ്റവും ശ്രദ്ധ നേടിയ പ്രകടനം ക്യാപ്റ്റൻ റോഡ്രിയുടേതായിരുന്നു. 7.8 റേറ്റിങ് നേടിയ താരം 94 ശതമാനം പാസ് കൃത്യതയാണ് രേഖപ്പെടുത്തിയത്. രണ്ട് മികച്ച അവസരങ്ങൾ ഒരുക്കിയ റോഡ്രി രണ്ട് ഗ്രൗണ്ട് ഡ്യൂവലുകളിൽ വിജയിക്കുകയും രണ്ട് ക്ലിയറൻസുകളും നടത്തുകയും ചെയ്തു. ആക്രമണത്തിലും പ്രതിരോധത്തിലും സ്‌പെയിന്റെ കളിയുടെ താളം നിയന്ത്രിച്ചത് റോഡ്രിയായിരുന്നു.
മത്സരത്തിൽ 118 ടച്ചുകൾ നടത്തിയ റോഡ്രി, ഈ ലോകകപ്പിൽ ഇതുവരെ ഫൈനൽ തേർഡിലേക്ക് ഏറ്റവും കൂടുതൽ പാസുകൾ നൽകിയ താരവുമാണ്. ആകെ 170 പാസുകളാണ് താരം ഫൈനൽ തേർഡിലേക്ക് എത്തിച്ചത്. ഫ്രാൻസിനെതിരായ സെമിയിൽ റോഡ്രിയുടെ പ്രകടനം മത്സരഫലത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കുന്ന റോഡ്രി കഴിഞ്ഞ സീസണിലും ക്ലബ് തലത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.






