ന്യൂയോര്‍ക്ക്: ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തില്‍ 20 നു നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിന് ഉപയോഗിക്കുന്ന പുല്ലും ''വിറ്റ് കാശാക്കാന്‍'' ഫിഫ. കഷ്‌ണങ്ങളാക്കുന്ന പുല്ലൊന്നിന് 450 ഡോളറാണു ((ഏകദേശം 42,989 ഇന്ത്യന്‍ രൂപ)
വില നിശ്‌ചയിച്ചത്. ഫുട്‌ബോള്‍ ചരിത്രത്തിന്റെ ഒരു ഭാഗം സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് അവസരമൊരുക്കിയാണ് ഈ അപൂര്‍വ വില്‍പ്പന. 450 ഡോളര്‍ മുതലാണു വില ആരംഭിക്കുന്നത്.
ഫൈനലിന് ഉപയോഗിക്കുന്ന പുല്ലിന്റെ ചെറിയ ഭാഗങ്ങള്‍ കേടുപാടുകള്‍ കൂടാതെ പ്രത്യേക റെസിന്‍ ക്യൂബുകളില്‍ സൂക്ഷിച്ചാണ് വില്‍ക്കുന്നത്.
ഫൈനലിന് ശേഷമേ ഈ സ്‌മരണികകള്‍ വാങ്ങിയവര്‍ക്ക് അയച്ചു നല്‍കു. ഓരോ റെസിന്‍ ഡിസ്‌പ്ലേയിലും ഔദ്യോഗിക ഫിഫ ലോകകപ്പ് ലോഗോ, വേദി, ഫൈനല്‍ നടക്കുന്ന തീയതി, മത്സരത്തിന്റെ ഫൈനല്‍ സ്‌കോര്‍ എന്നിവ രേഖപ്പെടുത്തും. ഈ സ്‌റ്റേഡിയത്തിലെ പിച്ചിനെതിരേ ബ്രസീല്‍, ഫ്രാന്‍സ് താരങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. നോര്‍ത്ത് കരോലിനയിലെ ഒരു ഫാമില്‍ വളര്‍ത്തിയ ശേഷം സ്‌ഥാപിച്ച ഈ പുല്‍ത്തകിടി കളിക്ക് തികച്ചും പറ്റിയതല്ലെന്നാണു പരാതി.






