ന്യൂയോര്‍ക്ക്: അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരങ്ങള്‍ക്ക് എന്നും ചരിത്രപരവും രാഷ്‌ട്രീയപരവുമായ എരിവും പുളിയുമുണ്ടാകാറുണ്ട്‌്.
ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന 1982 ലെ ഫാക്ലന്‍ഡ്‌സ് യുദ്ധമാണ് അടിസ്‌ഥാന കാരണം. തങ്ങള്‍ ചരിത്രം നോക്കിയല്ല ഫുട്‌ബോള്‍ കളിക്കുന്നതെന്ന് അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി പറഞ്ഞെങ്കിലും വാസ്‌തവം അതല്ല. 1986 ലോകകപ്പിലെ അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ ഏറെ ചര്‍ച്ചയായി. മെക്‌സിക്കോ സിറ്റിയിലെ അസ്‌റ്റെക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം അര്‍ജന്റീന 2-1 നു ജയിച്ചു.
ഇതിഹാസ താരം ഡീഗോ മാറഡോണയുടെ ഇരട്ട ഗോളുകള്‍ ഇന്നും പ്രസിദ്ധമാണ്. മാറഡോണയുടെ ആദ്യ ഗോളില്‍ 'കരസ്‌പര്‍ശ'മുണ്ടായിരുന്നു. ദൈവത്തിന്റെ കൈയെന്ന പേരില്‍ ആ ഗോള്‍ വിവാദവുമായി.
രണ്ടാമത്തെ ഗോള്‍ മാറഡോണയുടെ ഒറ്റയാള്‍ മുന്നേറ്റത്തിലാണു പിറന്നത്. ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്. 1966 ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് അര്‍ജന്റീനയെ 1-0 ത്തിനു തോല്‍പ്പിച്ചിരുന്നു.
അര്‍ജന്റീന നായകനായിരുന്ന അന്റോണിയോ റാറ്റിന്‍ ചുവപ്പ് കാര്‍ഡ് കണ്ടതും പിച്ച് വിടാന്‍ വിസമ്മതിച്ചതും വിവാദമായി. 1998 ലോകകപ്പില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും വീണ്ടും ഏറ്റുമുട്ടി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അവസാനിച്ച മത്സരം അര്‍ജന്റീന ജയിച്ചു. 2002 ലോകകപ്പില്‍ 1-0 ത്തിനു ജയിച്ച് ഇംഗ്ലണ്ട് പക വീട്ടി.



