
ന്യൂയോര്‍ക്ക്: നോര്‍വേയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പൈഡര്‍ ക്യാം വിവാദവും.
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങാമിന്റെ സമനില ഗോളിലാണു വിവാദം. 36-ാംമിനിറ്റില്‍ ആന്ദ്രെ സ്‌കെല്‍ഡ്രപിലൂടെ നോര്‍വേയായിരുന്നു ആദ്യം ലീഡെടുത്തത്. ബെല്ലിങാമിന്റെ ഗോളിന് തൊട്ടുമുന്‍പ് നോര്‍വേ ഗോള്‍ കീപ്പര്‍ ഓറിയന്‍ നെയ്‌ലാന്‍ഡിന്റെ ഗോള്‍ കിക്ക്,
സ്‌റ്റേഡിയത്തിനു മുകളിലെ ക്യാമറ കേബിളില്‍ തട്ടിയതായി കാണിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. കേബിളില്‍ തട്ടി ദിശമാറി വീണ പന്ത് ഇംഗ്ലണ്ടിന്റെ എലിയറ്റ് ആന്‍ഡേഴ്‌സണിനു ലഭിച്ചു.
ആന്‍ഡേഴ്‌സന്‍ ഇടതുവിങ്ങിലൂടെ ആന്റണി ഗോര്‍ഡന് പന്ത് കൈമാറി. ഗോര്‍ഡന്‍ പന്തുമായി മുന്നേറി ബോക്‌സിന്റെ മധ്യത്തിലുണ്ടായിരുന്ന ബെല്ലിങാമിന് നല്‍കി. ബെല്ലിങാം നോര്‍വേ പ്രതിരോധത്തെ വെട്ടിച്ച് ഇടങ്കാലന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. പന്ത് ക്യാമറ കേബിളില്‍ തട്ടിയെന്നു കാണിച്ച് നെയ്‌ലാന്‍ഡും സഹ താരങ്ങളും റഫറിയോട് തര്‍ക്കിച്ചെങ്കിലും ഗോളനുവദിച്ചു.
ക്യാമറയില്‍ തട്ടിയില്ലായിരുന്നെങ്കില്‍ പന്തിന്റെ ദിശ മാറില്ലായിരുന്നെന്ന് നോര്‍വേ കോച്ച് സ്‌റ്റെയില്‍ സോള്‍ബാകന്‍ പറഞ്ഞു. രണ്ടാംപകുതിയില്‍ നേടിയ ഒരു ഗോള്‍ വാര്‍ പരിശോധനയില്‍ നിഷേധിക്കപ്പെടുകയും കൂടി ചെയ്‌തതോടെ നോര്‍വെയുടെ നിരാശ ഇരട്ടിയായി. മാര്‍ട്ടിന്‍ ഒഡെഗാഡെടുത്ത കോര്‍ണര്‍ കിക്ക് ബോക്‌സിനുള്ളിലെ കളിക്കാരുടെ ശരീരത്തില്‍ തട്ടി പോസ്‌റ്റിന്റെ മറുഭാഗത്തെത്തി. അവിടെയുണ്ടായിരുന്ന ഹെഗെം വലയ്‌ക്കുള്ളിലാക്കി.
നോര്‍വേ താരങ്ങള്‍ ഗോള്‍ ആഘോഷിക്കാന്‍ തുടങ്ങും മുമ്പ് ബോക്‌സിനുള്ളില്‍ ഫൗള്‍ നടന്നതായി റീപ്ലേകളില്‍ വ്യക്‌തമായി. പന്ത് ക്യാമറിയില്‍ തട്ടിയിട്ടില്ലെന്നു കാണിക്കുന്ന വീഡിയോ ഫിഫ പുറത്തുവിട്ടു. പന്തിനുള്ളിലെ സെന്‍സര്‍ ഉപയോഗിച്ചാണു ക്യാമറിയില്‍ തട്ടിയില്ലെന്നു മനസിലാക്കിയതെന്നും സംഘാടക സമിതി എക്‌സിലൂടെ വിശദീകരിച്ചു. 1998 നു ശേഷം ആദ്യമായാണു നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുന്നത്.


