
കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ ഗൗരിപൂർ ജുമാ മസ്ജിദിൽ നമസ്‌കാരം നടത്തുന്നതിനുള്ള എൻട്രി പാസുകൾ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, പുറത്തുനിന്നുള്ളവർക്ക് ഗേറ്റുകൾ തുറന്നുനൽകാനാകില്ലെന്നും ദേശീയ സുരക്ഷയാണ് പ്രധാന പരിഗണനയെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി.136 വർഷം പഴക്കമുള്ള ഗൗരിപൂർ ജുമാ മസ്ജിദ് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. പള്ളി മറ്റൊരിടത്തേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഏറെക്കാലമായി തുടരുകയാണ്.
ഡംഡം വിമാനത്താവളത്തിൽ രണ്ട് റൺവേകളാണുള്ളത്. പ്രധാന റൺവേയാണ് സാധാരണ സർവീസുകൾക്കായി ഉപയോഗിക്കുന്നത്. രണ്ടാമത്തെ റൺവേയ്ക്ക് സമീപത്തായാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
പ്രധാന റൺവേ അറ്റകുറ്റപ്പണികൾക്കായി അടച്ചിടേണ്ട സാഹചര്യം വന്നാൽ വലിയ വിമാനങ്ങളുടെ ടേക്ക് ഓഫിനും ലാൻഡിങ്ങിനും ബുദ്ധിമുട്ടുണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പള്ളിയുടെ സ്ഥാനം സുരക്ഷാ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും രണ്ടാമത്തെ റൺവേ വികസന പ്രവർത്തനങ്ങൾ ഇതുമൂലം തടസ്സപ്പെടുകയാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.






