
വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണമെന്ന ആവശ്യവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തിലെ നിർണായക കപ്പൽഗതാഗത പാതകളിലൊന്നായ ഹോർമുസിന് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചുമതല അമേരിക്ക ഏറ്റെടുക്കണമെന്നും അതിന് മറ്റ് രാജ്യങ്ങളിൽ നിന്ന് സാമ്പത്തിക പ്രതിഫലം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ഹോർമുസിന്റെ കാവൽക്കാരായി അമേരിക്ക മാറുമെന്നും, അതിനെ 'ഹോർമുസിലെ കാവൽ മാലാഖ' എന്ന് പോലും വിശേഷിപ്പിക്കാമെന്നും ട്രംപ് പറഞ്ഞു. പേർഷ്യൻ ഉൾക്കടലിൽ അമേരിക്കയും ഇറാനും തമ്മിലുള്ള വ്യോമാക്രമണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് ഈ പരാമർശം. ഹോർമുസ് തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇറാൻ ആവർത്തിക്കുമ്പോൾ, അന്താരാഷ്ട്ര നിയമപ്രകാരം വാണിജ്യ കപ്പലുകൾക്ക് ജലപാത തുറന്നുകിടക്കുന്നതാണെന്ന് അമേരിക്ക നിലപാട് തുടരുന്നു. ആഗോള എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഈ പാതയിലൂടെ കടന്നുപോകുന്നതിനാൽ ചെറിയ തടസം പോലും ഇന്ധനവിലയെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകം.
അഭിമുഖത്തിൽ ഇറാനെതിരെയും ട്രംപ് വിമർശനം ഉന്നയിച്ചു. ചർച്ചകളിൽ ഇറാൻ നിരന്തരം നിലപാട് മാറ്റുകയാണെന്നും, 11 മണിക്കൂർ നീണ്ട ചർച്ചയിൽ ധാരണയിലെത്തിയ ശേഷവും അവർ പുതിയ ആവശ്യങ്ങളുമായി എത്തിയെന്നും അദ്ദേഹം ആരോപിച്ചു. ബരാക് ഒബാമ, ജോർജ് ബുഷ്, ബിൽ ക്ലിന്റൺ എന്നിവർ ഇറാനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ട്രംപ് വിമർശിച്ചു. താൻ അധികാരത്തിലെത്തിയ ശേഷമാണ് ഇറാനുമായുള്ള ആണവ കരാർ റദ്ദാക്കിയതെന്നും, ബി-2 ബോംബറുകൾ ഉപയോഗിച്ചുള്ള അമേരിക്കൻ ആക്രമണങ്ങളാണ് ഇറാന്റെ ആണവായുധ പദ്ധതി തടഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു.






