
തിരുവനന്തപുരം: ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരായ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോര്‍ട്ട് ഡിജിപി മടക്കി. റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഡിജിപി റവാഡാ ചന്ദ്രശേഖര്‍ ഈ നടപടി സ്വീകരിച്ചത്. കഴിഞ്ഞമാസം 23-നാണ് എസ്‌ഐടി ഡിജിപിക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അജിത് കുമാറിനെതിരെ കടുത്ത നടപടി വൈകുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാത്രമേ മുന്നോട്ട് പോകാനാകൂ എന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. സര്‍ക്കാരിന്റെ എല്ലാ നടപടികളും കോടതിയുടെ പരിശോധനയ്ക്ക് വിധേയമാണെന്നും നിയമപരമായി ചെയ്യേണ്ടത് സമയത്ത് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ മാസം അവസാനത്തോടെ അജിത് കുമാറിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പായി വകുപ്പുതല നടപടികള്‍ സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്. അജിത് കുമാറിന്റെ ഓഫീസിലുണ്ടായിരുന്ന രണ്ട് ഗ്രേഡ് എസ്ഐമാര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടായേക്കും. കേസ് അട്ടിമറിച്ചതില്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യ ആവശ്യം.
2024-ല്‍ അന്വേഷണ ഉദ്യോഗസ്ഥരെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ച് കേസ് ഡയറിയും അന്തിമ റിപ്പോര്‍ട്ടും തിരുത്തി കോടതിയില്‍ സമര്‍പ്പിച്ചുവെന്നാണ് അജിത് കുമാറിനെതിരെയുള്ള ഗുരുതര ആരോപണം. വ്യക്തത വരുത്തിയുള്ള റിപ്പോര്‍ട്ട് വീണ്ടും ലഭിച്ചാലുടന്‍ തുടര്‍നടപടികള്‍ക്കായി ഡിജിപി സര്‍ക്കാരിലേക്ക് കര്‍ശന ശുപാര്‍ശ കൈമാറും.






