
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ വിലകൂടിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതിലുണ്ടായ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അന്വേഷണ കമ്മിറ്റിയുടെ അധ്യക്ഷന്‍. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ എസ്എംഡി, കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എംഡി, ഡിഎംഇ, ഡിഎച്ച്എസ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആരോഗ്യ വകുപ്പും വിവിധ മെഡിക്കല്‍ കോളേജുകളും മെഡിക്കല്‍ ഉപകരണങ്ങളും അനുബന്ധ സാധനങ്ങളും വാങ്ങിയത് സംബന്ധിച്ച കണക്കുകള്‍ അഞ്ച് ദിവസത്തിനകം ലഭ്യമാക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചു. ഇതിനായി കഴിഞ്ഞദിവസം എല്ലാ മെഡിക്കല്‍ കോളേജുകളിലെയും പ്രിന്‍സിപ്പല്‍മാരുടെയും സൂപ്രണ്ടുമാരുടെയും അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടപാടുകളില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ കര്‍ശന നടപടി.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വാങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളുടെ വാങ്ങല്‍, സ്ഥാപിക്കല്‍, കമ്മിഷനിങ്, ഉപയോഗം, പരിപാലനം, നിലവിലെ അവസ്ഥ എന്നിവയെല്ലാം സമിതി വിശദമായി പരിശോധിക്കും. ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളിലും ക്രമക്കേടുകളിലും സമഗ്രമായ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.






