ന്യൂഡല്‍ഹി: മധ്യപ്രദേശ് ധാറിലെ ഭോജ്‌ശാല മന്ദിരത്തില്‍ മുസ്ലിംകള്‍ക്ക് വെള്ളിയാഴ്‌ച നമസ്‌കാരത്തിനുള്ള അനുമതി പുനഃസ്‌ഥാപിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഇത് വൈകാരികമായ വിഷയമാണെന്നു വ്യക്‌തമാക്കിയ കോടതി, തര്‍ക്കത്തില്‍ അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ വെള്ളിയാഴ്‌ചകളിലെ പ്രാര്‍ഥനയ്‌ക്കായി ഭോജ്‌ശാലയ്‌ക്കു സമീപം പകരം സ്‌ഥലം അനുവദിക്കാനും നിര്‍ദേശിച്ചു.
ഭോജ്‌ശാലാ സമുച്ചയത്തില്‍ മുസ്ലിംകള്‍ക്ക് വെള്ളിയാഴ്‌ചകളിലെ പ്രാര്‍ഥന തുടരാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന്മേല്‍ ഇടക്കാല സ്‌റ്റേ അനുവദിക്കാനാകില്ലെന്ന് ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി. മൂന്നാഴ്‌ചകള്‍ക്കുശേഷം കേസില്‍ അന്തിമവാദം നടക്കുമെന്നും കോടതി അറിയിച്ചു.
വെള്ളിയാഴ്‌ചകളില്‍ ഉച്ചയ്‌ക്ക് ഒരു മണിക്കും മൂന്നു മണിക്കുമിടയില്‍ മുസ്ലിംകള്‍ക്ക് പ്രാര്‍ഥിക്കുന്നതിനായി ഭോജ്‌ശാല മന്ദിരത്തിനു തൊട്ടടുത്തുള്ള തുറസ്സായ സ്‌ഥലം ലഭ്യമാക്കണമെന്നു മധ്യപ്രദേശ് സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചു. ഇരുവിഭാഗത്തിന്റെയും മതപരമായ ചടങ്ങുകള്‍ തടസമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഈ ക്രമീകരണം താല്‍ക്കാലിക സ്വഭാവമുള്ളതും അപ്പീലിലെ അന്തിമ തീരുമാനത്തിന് വിധേയവുമായിരിക്കും.
കോടതിയുടെ അനുമതിയില്ലാതെ ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ യാതൊരുവിധ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. തര്‍ക്കമന്ദിരമായ ഭോജ്‌ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ മേയ് 15-ലെ വിധിക്കെതിരേയാണ് മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. 'ദയവായി അതീവ ജാഗ്രത പുലര്‍ത്തുക. പ്രദേശത്ത് സംഘര്‍ഷത്തിനും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഒരു ഉത്തരവും ഞങ്ങള്‍ പുറപ്പെടുവിക്കില്ല. കേസ് ദിവസേന കേള്‍ക്കാന്‍ ഞങ്ങള്‍ തയാറാണ്. വിഷയം അന്തിമമായി പരിഹരിക്കണം. ഇരുവിഭാഗവും ക്ഷമയോടെയിരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു' - ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് പറഞ്ഞു. ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള ഭോജ്‌ശാല സമുച്ചയം ഹിന്ദുക്കള്‍ സരസ്വതി ക്ഷേത്രമായി കണക്കാക്കുമ്പോള്‍, മുസ്ലിംകള്‍ ഇതിനെ കമാല്‍ മൗല മസ്‌ജിദായിട്ടാണ് കരുതുന്നത്. 2003-ലെ താല്‍ക്കാലിക ക്രമീകരണമനുസരിച്ച്, ചൊവ്വാഴ്‌ചകളില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താനും വെള്ളിയാഴ്‌ചകളില്‍ മുസ്ലിംകള്‍ക്ക് നമസ്‌കരിക്കാനും അനുവാദമുണ്ടായിരുന്നു.

Comments