ന്യൂഡല്‍ഹി: ഇറാനുനേരേ യു.എസ്.- ഇസ്രയേല്‍ സംയുക്‌ത ആക്രമണം തുടങ്ങിയ ഫെബ്രുവരി 28നു ശേഷം ഗള്‍ഫ് മേഖലയില്‍ ആകെ 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായും മൂന്ന് പേരെ കാണാതായെന്നും റിപ്പോര്‍ട്ട്.
സംഘര്‍ഷാവസ്‌ഥ തുടരുന്നതു മൂലം വാണിജ്യക്കപ്പലുകള്‍ക്കുമേല്‍ കനത്ത ആഘാതം തുടരുകയാണ്. അടുത്തിടെ രണ്ട് വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. പശ്‌ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതവും തടസമില്ലാത്തതുമായ നാവിക ഗതാഗതം ഉറപ്പാക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യ മന്ത്രാലയ വക്‌താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ' കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമിക്കപ്പെട്ട കപ്പലുകളില്‍ ആകെ 30 ഇന്ത്യന്‍ നാവികര്‍ ഉണ്ടായിരുന്നു. 12 പേരുണ്ടായിരുന്ന ഒരു കപ്പലില്‍ ഒരു ഇന്ത്യന്‍ നാവികന് ജീവന്‍ നഷ്‌ടപ്പെട്ടു. 18 ഇന്ത്യന്‍ നാവികരുണ്ടായിരുന്ന രണ്ടാമത്തെ കപ്പലില്‍ ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരില്‍ കൂടുതലും ഇന്ത്യന്‍ നാവികരാണ്.'-ജയ്‌സ്വാള്‍ പറഞ്ഞു.

Comments