ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്‌മീരില്‍ പ്രക്ഷോഭകര്‍ക്കു നേരേ പാകിസ്‌താന്‍ സുരക്ഷാസേന നടത്തിയ വെടിവയ്‌പ്പില്‍ ആറ് സാധാരണക്കാര്‍ കൊല്ലപ്പെട്ടു.
റാവലകോട്ടില്‍ ന്യൂ ബസ് ടെര്‍മിനലിന് സമീപമുണ്ടായ പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
ബലൂച്ച് സാധുനതി ജില്ലയില്‍ കൊല്ലപ്പെട്ടവരില്‍ സാഹിദ് മുഗള്‍, സഫര്‍ മുഗള്‍, അര്‍സലന്‍ അക്‌ബര്‍, റാവലകോട്ടിലെ മതിയാല്‍ മിറ ബസ് ടെര്‍മിനലില്‍ കൊല്ലപ്പെട്ടത് വാജിദ് ഹയാത്ത് എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. മേഖലയില്‍ പാകിസ്‌താനെതിരേ വിരോധം കടുക്കുന്നതിനിടെ ഏറ്റവും പുതിയ അക്രമമായിരുന്നു ഇന്നലത്തേത്. രക്‌തച്ചൊരിച്ചിലിന് ഒരുദിവസം മുമ്പ്, പാകിസ്‌താന്‍ അധിനിവേശ കശ്‌മീരിനെ പ്രതിനിധീകരിച്ച് ഏതാനുംപേര്‍ യു.എസില്‍ വൈറ്റ് ഹൗസിനു പുറത്ത് ഒത്തുകൂടിയിരുന്നു. അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയിലേക്കു രാജ്യാന്തര ശ്രദ്ധ ക്ഷണിക്കാനായിരുന്നു ഇത്.
സ്‌ത്രീകളും കുട്ടികളും സാമൂഹിക നേതാക്കളും ഉള്‍പ്പെടെ നൂറോളംപേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. പാകിസ്‌താന്‍ അധിനിവേശ കാശ്‌മീരിലുടനീളമുള്ള സിവിലിയന്‍ പ്രദേശങ്ങളില്‍ നിന്ന് പാകിസ്‌താന്‍ സൈനികര്‍ പിന്‍വാങ്ങണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. നിരായുധരായ സാധാരണക്കാര്‍ക്ക് നേരെ മാരകമായ ബലപ്രയോഗം നടത്തുന്നതില്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നായിരുന്നു മറ്റൊരു ആവശ്യം.

Comments