ന്യൂഡല്‍ഹി/ദുബായ്: ഹോര്‍മുസ് കടലിടുക്കില്‍ യു.എ.ഇയുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരേ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ ഇന്ത്യന്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു.ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരുക്കുണ്ട്. ഇതില്‍ ആറുപേര്‍ ഇന്ത്യക്കാരും രണ്ടുപേര്‍ യുൈക്രന്‍കാരുമാണ്. പരുക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണു വിവരം. സംഭവത്തില്‍ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, ഡല്‍ഹിയിലെ ഇറാന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ചു. യു.എ.ഇയുടെ മൊംബാസ, അല്‍ ബാഹിയ എന്നീ എണ്ണക്കപ്പലുകള്‍ക്കു നേരേയാണ് ഇറാന്റെ ആക്രമണമുണ്ടായത്. ഒമാന്റെ പ്രാദേശിക സമുദ്രപരിധിയിലുള്ള തെക്കന്‍ ഷിപ്പിങ് പാതയിലൂടെ ഇവ സഞ്ചരിക്കുമ്പോള്‍ ക്രൂയിസ് മിസൈല്‍ ആക്രമണമുണ്ടാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് കപ്പലുകളിലും വന്‍ തീപിടുത്തമുണ്ടായി. നിലവില്‍ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിനു പിന്നാലെ കപ്പലുകള്‍ക്കുമേല്‍ നിയമലംഘനം ആരോപിച്ച് ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് കപ്പലുകള്‍ അവഗണിച്ചെന്നും നാവിഗേഷന്‍ സംവിധാനങ്ങള്‍ ബോധപൂര്‍വം ഓഫാക്കിയെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) അവകാശപ്പെട്ടു.
മൈനുകള്‍ സ്‌ഥാപിച്ച പാതയിലൂടെ സുരക്ഷാ നിര്‍ദേശങ്ങള്‍ മറികടന്നു സഞ്ചരിക്കാനാണു കപ്പലുകള്‍ ശ്രമിച്ചതെന്നും ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രസ്‌താവനയില്‍ പറയുന്നു.
അമേരിക്കയുടെ പ്രേരണയാലാണ് കപ്പലുകള്‍ നിയമവിരുദ്ധമായ പാത സ്വീകരിച്ചതെന്നാണ് ഇറാന്റെ ആരോപണം. ഇത്തരം നടപടികള്‍ ആഗോള ഊര്‍ജപ്രതിസന്ധിക്കും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതതടസത്തിനും കാരണമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
അമേരിക്കയും ഇറാനും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചതിനു പിന്നാലെ ഗള്‍ഫ് മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുകയാണ്. സംഘര്‍ഷ സാഹചര്യം പശ്‌ചിമേഷ്യയിലെ സമാധാനാന്തരീക്ഷം കൂടുതല്‍ വഷളാക്കുമെന്ന ആശങ്ക ശക്‌തമായിട്ടുണ്ട്.

Comments