ന്യൂഡല്‍ഹി: യു.എസ്-ഇറാന്‍ യുദ്ധം പുനരാരംഭിച്ചതിനേത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വീണ്ടും കലുഷിതമായിരിക്കേ, ഇന്ത്യന്‍ പതാകയുള്ള ഏഴ് കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്നു. 148 ഇന്ത്യന്‍ നാവികരാണ് ഈ കപ്പലുകളിലുള്ളത്.
യു.എസും ഇറാനുമായുള്ള പോരാട്ടത്തിന്റെ ഒടുവിലത്തെ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്താണുള്ളത്. സുരക്ഷാസാഹചര്യങ്ങള്‍ അനുകൂലമാകുന്നതുവരെ കപ്പലുകള്‍ക്ക് അവിടെത്തന്നെ തുടരേണ്ടിവരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒമാന്റെ സമുദ്രപരിധിയില്‍ രണ്ട് എണ്ണ ടാങ്കര്‍ കപ്പലുകള്‍ക്കുനേരേ മിസൈല്‍ ആക്രമണമുണ്ടായതിനേത്തുടര്‍ന്നാണ് ഹോര്‍മുസില്‍ വീണ്ടും സ്‌ഥിതിഗതികള്‍ വഷളായത്. ആക്രമണത്തില്‍ 'എം.ടി. അല്‍ ബഹ്യ' കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടിരുന്നു. 12 ഇന്ത്യക്കാരടക്കം 23 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ആക്രമിക്കപ്പെട്ട 'എം.ടി. മൊംബാസ ബി' കപ്പലില്‍ 17 ഇന്ത്യക്കാരടക്കം 23 ജീവനക്കാരും. സൈപ്രസ് പതാകയുള്ള ജി.എഫ്.എസ്. ഗാലക്‌സി കപ്പലിനുനേരേ ദിവസങ്ങള്‍ക്കു മുമ്പ് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനെ കാണാതായിരുന്നു.യു.എസ്-ഇറാന്‍ യുദ്ധത്തേത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 14 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. മൂന്ന് ഇന്ത്യക്കാരെ കാണാതായി. പലാവു പതാകയുള്ള 'എം.ടി. സെറ്റെബെല്ലോ' എന്ന കപ്പലിനുനേരേയുണ്ടായ യു.എസ്. ആക്രമണത്തില്‍ കഴിഞ്ഞമാസം മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലേക്കുള്ള ചരക്കുമായി മറ്റ് 11 കപ്പലുകള്‍കൂടി സംഘര്‍ഷമേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്‌തമാക്കി. ഇവയില്‍ നാലെണ്ണത്തില്‍ രാസവളമാണുള്ളത്.

Comments