മുംബൈ: മഹാരാഷ്‌ട്രയില്‍ ഒരു വിദ്യാര്‍ഥി പോലുമില്ലാത്ത ആറ് വ്യാജ ഹോസ്‌റ്റലുകള്‍ക്ക് കോടികളുടെ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) കണ്ടെത്തല്‍. നാലു വര്‍ഷത്തിനിടെ 1.62 കോടി രൂപ ഇത്തരത്തില്‍ അനുവദിച്ചതായാണു റിപ്പോര്‍ട്ട്.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന് സി.എ.ജി വ്യക്‌തമാക്കുന്നു. മഹാരാഷ്‌്രട നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ സമര്‍പ്പിച്ച 2024-ലെ കംപ്ലയന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരം.
കടലാസില്‍ മാത്രമുള്ളതും യഥാര്‍ത്ഥത്തില്‍ പൂട്ടിക്കിടക്കുന്നതുമായ ഹോസ്‌റ്റലുകള്‍ക്കാണ് വന്‍തോതില്‍ ഫണ്ട് അനുവദിച്ചത്. 2020-24 കാലത്ത് ഒരു വിദ്യാര്‍ഥി പോലുമില്ലാത്ത ഇത്തരം ആറു ഹോസ്‌റ്റലുകള്‍ക്കായി സോഷ്യല്‍ ജസ്‌റ്റിസ് ആന്‍ഡ് സ്‌പെഷ്യല്‍ അസിസ്‌റ്റന്‍സ് വകുപ്പ് കോടികള്‍ നല്‍കുകയായിരുന്നു.
റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ജാല്‍നയിലെ മോദിഖാന്‍ ഹോസ്‌റ്റല്‍ തകര്‍ന്ന നിലയില്‍ പൂട്ടിക്കിടക്കുകയാണെന്ന് ഓഡിറ്റര്‍മാര്‍ കണ്ടെത്തി. എന്നാല്‍ 38 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ടെന്നും അവര്‍ ഒരു സൂപ്രണ്ടിന്റെ ചുമതലയിലാണെന്നുമാണ് സര്‍ക്കാര്‍ രേഖകളിലുള്ളത്. നാല് വര്‍ഷത്തിനിടെ 18 ലക്ഷം രൂപ ഇവിടേക്കു മാത്രം അനുവദിക്കപ്പെട്ടു. 24 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ജാഫ്രാബാദിലെ ഹോസ്‌റ്റല്‍ പൊടിപിടിച്ച കിടക്കകളോടെ വിജനമായി കിടക്കുകയാണ്. ഇവിടേക്കും ഫണ്ട് നല്‍കി. ജാല്‍ന ജില്ലയിലെ നാലിടങ്ങളിലും ബുല്‍ധാന, ലാത്തൂര്‍ എന്നിവിടങ്ങളിലും ഇത്തരം വ്യാജ ഹോസ്‌റ്റലുണ്ട്.
സംസ്‌ഥാനത്ത് 443 സര്‍ക്കാര്‍ ഹോസ്‌റ്റലുകളും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 2388 ഹോസ്‌റ്റലുകളുമാണ് ആകെയുള്ളത്. ഓഡിറ്റ് കാലയളവില്‍ 2,321 കോടി രൂപ സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചു. എന്നാല്‍ ഭൂരിഭാഗം ഹോസ്‌റ്റലുകളിലും അടിസ്‌ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് സി.എ.ജി നേരിട്ടു നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
പലയിടത്തും ഡൈനിങ് ഹാളുകളോ ലൈബ്രറികളോ കമ്പ്യൂട്ടര്‍ ലാബുകളോ ഇല്ല. സി.സി ടിവി ഇല്ലാത്ത ഹോസ്‌റ്റലുകളുമുണ്ട്. മേശയും കസേരയുമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ തറയിലിരുന്നു ഭക്ഷണം കഴിക്കുന്ന സാഹചര്യവും ചിലയിടത്തുണ്ട്. ശുചിത്വമില്ലായ്‌മ, വെളിച്ചക്കുറവ്, സുരക്ഷിതമല്ലാത്ത കുടിവെള്ളം, മോശം ഭക്ഷണം, കൃത്യമായ മെഡിക്കല്‍ പരിശോധനകളുടെ അഭാവം എന്നിവ പല ഹോസ്‌റ്റലുകളിലും വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്നു. അഹല്യനഗര്‍, ധാരാശിവ്, ജാല്‍ന, നാഗ്‌പൂര്‍ എന്നിവിടങ്ങളില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് മുകളിലത്തെ നിലകളില്‍ മുറികള്‍ അനുവദിച്ചു. ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനമുള്ള 280 ഹോസ്‌റ്റലുകളില്‍ 46 ഇടങ്ങളില്‍ മാത്രമേ ഇവ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. കൃത്യമായ ഹാജര്‍ വിവരങ്ങള്‍ മറച്ചുവയ്‌ക്കാന്‍ ഇതു കാരണമായി.
2023-24 വര്‍ഷം ഹോസ്‌റ്റലുകള്‍ക്കായി അനുവദിച്ച 487 കോടി രൂപയില്‍ 56.65 കോടി രൂപയും ചെലവഴിക്കാതെ മാറ്റിവച്ചു. 2020-ഓടെ 500 സര്‍ക്കാര്‍ ഹോസ്‌റ്റലുകള്‍ നിര്‍മിക്കുമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ മഹാരാഷ്ര്‌ടയ്‌ക്ക് സാധിച്ചില്ലെന്നും സി.എ.ജി റിപ്പോര്‍ട്ട്‌ില്‍ പറയുന്നു. ഓരോ താലൂക്കിലും ഒരു ഹോസ്‌റ്റല്‍ എന്ന നയം നടപ്പാക്കാത്തതിനാല്‍ 117 താലൂക്കുകളിലായി 8,930 വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്‌റ്റല്‍ സൗകര്യം നഷ്‌ടമായി. 49 ഹോസ്‌റ്റലുകള്‍ സൂപ്രണ്ടുമാരില്ലാതെയാണു പ്രവര്‍ത്തിക്കുന്നത്.
അഞ്ചിടത്ത് പെണ്‍കുട്ടികളുടെ ഹോസ്‌റ്റലുകള്‍ നിയന്ത്രിക്കുന്നത് പുരുഷ സൂപ്രണ്ടുമാരാണെന്ന ഗുരുതരമായ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. വ്യാജ ഹോസ്‌റ്റലുകളിലേക്കു ഫണ്ട് ഒഴുകിയപ്പോള്‍ അര്‍ഹരായ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യം നിഷേധിക്കപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു.

Comments