
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ടിന്' ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയയും. പരിപാടിയുടെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രി കേരളത്തില്‍ എത്തും. കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പരിപാടിയില്‍ മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിനൊപ്പം വിജയ് വേദി പങ്കിടുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ചെന്നൈയില്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായി ആഭ്യന്തരമന്ത്രി നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇരുസംസ്ഥാനങ്ങളും ഒന്നിച്ച് നീങ്ങുന്നതിനെക്കുറിച്ച് ചെന്നൈയില്‍ നടന്ന ഉന്നതതല യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. അതിര്‍ത്തികളില്‍ കര്‍ശന നിരീക്ഷണം അടക്കമാണ് സംയുക്ത നീക്കം. ലഹരിക്കടത്ത് തടയുന്നതിനായി ഇരുസംസ്ഥാനങ്ങളിലെയും ഇന്റലിജന്‍സ് വിഭാഗങ്ങള്‍ പരസ്പരം വിവരങ്ങള്‍ കൈമാറും.
തമിഴ്നാട്ടിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രി വിജയ്, ഓപ്പറേഷന്‍ തൂഫാന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 'ഓപ്പറേഷന്‍ തൂഫാന്റെ' ഔദ്യോഗിക ബ്രാന്‍ഡ് അംബാസഡറായ മോഹന്‍ലാലും വിജയ്യും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊതുവേദിയില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്. സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം 'ജില്ല'യ്ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന വേദി കൂടിയാകും കൊച്ചിയിലേത്.
കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തില്‍ ആഭ്യന്തര വകുപ്പാണ് കൊച്ചിയില്‍ വിപുലമായ ഈ ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലേക്ക് വരാനുള്ള ക്ഷണം വിജയ് സന്തോഷത്തോടെ സ്വീകരിച്ചതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വലിയൊരു ജനകീയ പങ്കാളിത്തത്തോടെ യുവാക്കളെ ലഹരിയുടെ കെണിയില്‍ നിന്നും രക്ഷിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍.






