
ന്യൂഡൽഹി: ഓസ്ട്രേലിയൻ മിഷണറിയായ ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതി ദാരാസിംഗിനെ മോചിപ്പിക്കാനുള്ള ശുപാർശയിൽ ഓഗസ്റ്റ് 19നകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
26 വർഷമായി ജയിലിൽ കഴിയുന്ന ദാരാസിംഗിന്റെ നല്ല നടപ്പ് പരിഗണിച്ചാണ് ഒഡിഷ ശിക്ഷാ അവലോകന ബോർഡ് മോചനത്തിന് ശുപാർശ നൽകിയത്. ഇതിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോടാണ് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്.
1999 ജനുവരി 22നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ഒഡിഷയിലെ കിയോഞ്ചർ ജില്ലയിൽ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവരെയും വാഹനത്തിനുള്ളിൽ കിടത്തിയിട്ട് ചുട്ടുകൊലപ്പെടുത്തുകയായിരുന്നു. ബജ്റംഗദൾ പ്രവർത്തകനായ ദാരാസിംഗും കൂട്ടാളികളുമാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച ദാരാസിംഗ് 26 വർഷത്തെ തടവ് പൂർത്തിയാക്കിയിട്ടുണ്ട്. നല്ല നടപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ശിക്ഷാ അവലോകന സമിതി മോചന ശുപാർശ നൽകിയത്.
കേസിലെ മറ്റ് പ്രതികളെ ശിക്ഷാ അവലോകന സമിതിയുടെ ശുപാർശ പ്രകാരം നേരത്തെ മോചിപ്പിച്ചിരുന്നു. നിലവിൽ കേസിൽ ജയിലിൽ തുടരുന്ന ഏക പ്രതിയാണ് ദാരാസിംഗ്.






