
തിരുവനന്തപുരം: അതിവേഗ റെയില്‍പദ്ധതിയുമായി ബന്ധപ്പെട്ട് വിദഗ്‌ധസമിതി റിപ്പോര്‍ട്ട് ലഭിച്ചെന്നു മുഖ്യമന്ത്രി വി.ഡി സതീശന്‍. ഇപ്പോഴത്തെ രൂപത്തില്‍ പദ്ധതി നടപ്പാക്കരുതെന്നാണ് സമിതി അഭിപ്രായപ്പെട്ടിരിക്കുന്നത്. കെ-റെയിലില്‍ പറ്റിയ അബദ്ധം ആവര്‍ത്തിക്കരുതെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി അറിയിച്ചു.വകുപ്പുതല ഏകോപനത്തിനു പുതിയ സംവിധാനം തയാറാക്കും. ഡേറ്റ ഡ്രിവണ്‍ ഫയല്‍ നീക്കത്തിലേക്ക് സര്‍ക്കാര്‍ കടക്കും. പദ്ധതി നടത്തിപ്പിന് മാപ്പിങ് സംവിധാനം വരും. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പ്രാട്ടോക്കോളും വരും. പദ്ധതി നടത്തിപ്പിലെ കാലതാമസത്തിനും അധിക ചെലവിനും നിയന്ത്രണമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് അപൂര്‍ണമെന്നാണ് വിദഗ്‌ധസമിതി വിലയിരുത്തല്‍. സര്‍ക്കാര്‍ വീണ്ടും പഠനം നടത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ലഭ്യതയടക്കം പരിശോധിക്കണം. പാസഞ്ചര്‍ ട്രെയിന്‍ മാത്രം പറ്റില്ല. ചരക്ക് നീക്കവും കണക്കിലെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ധനകാര്യം, റെയില്‍വേ, പരിസ്‌ഥിതി എന്നീ മേഖലകളിലെ വിദഗ്‌ധരും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും ഉള്‍പ്പെട്ട സമിതിയാണ് റിപ്പോര്‍ട്ട് വിലയിരുത്തിയത്. പദ്ധതിക്കാവശ്യമായ ഭൂമിയുടെ ലഭ്യതയെക്കുറിച്ചോ യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ റിപ്പോര്‍ട്ടിലില്ല. കിട്ടിയത് പൂര്‍ണമായ റിപ്പോര്‍ട്ട് അല്ലെന്നും സമിതി അഭിപ്രായപ്പെട്ടു.കെ-റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ സംഭവിച്ച പാളിച്ചകള്‍ അതിവേഗ റെയിലിന്റെ കാര്യത്തില്‍ ആവര്‍ത്തിക്കരുതെന്ന് സമിതി മുന്നറിയിപ്പ് നല്‍കി. പാരിസ്‌ഥിതികവും സാമൂഹികവുമായ ആഘാത പഠനങ്ങള്‍ നടത്തും മുന്‍പ് ഭൂമി ഏറ്റെടുക്കല്‍ വിജ്‌ഞാപനങ്ങളോ പ്രാരംഭ നിര്‍മാണപ്രവര്‍ത്തനങ്ങളോ ആരംഭിക്കരുതെന്നാണ് സമിതി ശിപാര്‍ശ. കേരളത്തിന്റെ ഭൂപ്രകൃതിക്കും പരിസ്‌ഥിതിക്കും ആഘാതമുണ്ടാക്കുന്ന 'പരിസ്‌ഥിതി ദുരന്തമായി' ഈ പദ്ധതി മാറാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. നിലവിലെ റിപ്പോര്‍ട്ടിലെ സാമ്പത്തിക മാതൃക പ്രായോഗികമല്ല. യാത്രക്കാരെ മാത്രം ആശ്രയിച്ചുള്ള മോഡല്‍ വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്‌ക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി. പദ്ധതി വരുമാനവും വായ്‌പാ തിരിച്ചടവ് ഉറപ്പാക്കാന്‍ ചരക്ക് ഗതാഗത സാധ്യതകളുംകൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സ്വതന്ത്രമായ പഠനം നടത്തേണ്ടതുണ്ട്. കൂടാതെ, നിലവിലുള്ളതും ഭാവിയില്‍ വരുന്നതുമായ മെേ്രടാ, തുറമുഖങ്ങള്‍, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയുമായി പദ്ധതിയെ എങ്ങനെ സംയോജിപ്പിക്കാം എന്നതിനെക്കുറിച്ചും പഠനം ആവശ്യമാണെന്നും സമിതി ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി പറഞ്ഞു.







Comments