
ചങ്ങനാശേരി: മുഖ്യമന്ത്രി വി.ഡി.സതീശനോടുള്ള എന്‍.എസ്.എസ് നിലപാടില്‍ ഒരു മാറ്റവുമില്ലെന്നു ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. മുഖ്യമന്ത്രിയെ കാണാന്‍ താല്‌പര്യമില്ല, ഇനി തന്നെ കാണാന്‍ ആരും വരേണ്ട. വി.ഡി.സതീശനെ കാണാനല്ല കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണാനാണ് അനുവാദം ചോദിച്ചത്. ഒരു വോട്ടറാണ്, പ്രമുഖ സംഘടനയുടെ നേതാവാണെന്ന പരിഗണന പോലും ഉണ്ടായില്ല. മുഖ്യമന്ത്രിയായിരിക്കുന്ന ആള്‍ കാണിക്കേണ്ട മര്യാദകള്‍ പാലിച്ചില്ല. അത്തരം ഒരാളെ കാണാന്‍ ആരെങ്കിലും ആഗ്രഹിക്കുമോ. തനിക്ക് വ്യക്‌തിപരമായി അദ്ദേഹത്തെ കാണാന്‍ ആഗ്രഹമില്ല. ആരുടെ മുന്നിലും പിച്ചച്ചട്ടിയുമായി പോയിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞു.
മറ്റേയാള്‍ പറഞ്ഞതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന വി.ഡി.സതീശന്റെ അഭിപ്രായം സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങല്‍ പരാമര്‍ശത്തെ കുറിച്ചായിരിക്കുമെന്ന് ഞാന്‍ കരുതുന്നതെന്നും ജി.സുകുമാരന്‍നായര്‍. പക്ഷേ അതില്‍ ഒരു വ്യക്‌തത വരുത്തിയതുമില്ല. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് വിലയിരുത്താം. മുന്‍പുള്ള മുഖ്യമന്ത്രിമാരില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കുമായിരുന്നു. തിരക്കുണ്ടെങ്കില്‍ തിരിച്ചു വിളിക്കും.എന്‍.എസ്.എസിന് ഇതിനുമുന്‍പ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ ഉണ്ടോ. രാഹുല്‍ ഗാന്ധിയെവിടെയെന്നും ജനറല്‍ സെക്രട്ടറി ചോദിച്ചു.
സുരേഷ് ഗോപിയുടെ അഭിപ്രായത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ രാഷ്ര്‌ടീയ ലക്ഷ്യമാണ് നിഴലിക്കുന്നത്. ഉപരാഷ്ര്‌ടപതിയെക്കൂടി ഈ രാഷ്ര്‌ടീയ ലക്ഷ്യം നേടാനായി ഉപയോഗിക്കുകയായിരുന്നു. 2015 അരുവിക്കര ഉപതിരഞ്ഞെടുപ്പ് ദിനത്തിലാണ് സുരേഷ് ഗോപി വന്നത്. അന്ന് ബജറ്റ് യോഗത്തിലേക്ക് വലിഞ്ഞുകയറിവന്നതിന് പിന്നില്‍ രാഷ്ര്‌ടീയ ലക്ഷ്യമുണ്ടായിരുന്നു. ബി.ജെ.പിയുമായി അടുത്തുനില്‍ക്കുകയാണ് എന്‍.എസ്.എസ് എന്നു വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. ബജറ്റ് ദിനത്തിലായിട്ടും പുഷ്‌പാര്‍ച്ചന നടത്താന്‍ അനുവാദം നല്‍കി. പാര്‍ലമെന്റ് പോലെ തന്നെയാണ് തങ്ങളുടെ ബജറ്റ് യോഗവും. സുരേഷ് ഗോപിയെന്താ ഒന്നും അറിവില്ലാത്ത കുട്ടിയാണോ.ഇതിന്റെ പിന്നില്‍ പ്രത്യേക ലക്ഷ്യമാണ്. തെറ്റുപറ്റിയെന്ന് സുരേഷ്‌ഗോപി തന്നെ അന്ന് പറഞ്ഞതാണ്. അതിനുശേഷമാണ് പിന്നീട് തിരുത്തിയത്.
ഉപരാഷ്ര്‌ടപതിയെ മുന്‍പ് ഞങ്ങള്‍ സ്വീകരിച്ചതാണ്. അന്ന് പുഷ്‌പാര്‍ച്ചന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ അങ്ങോട്ട് ചോദിക്കണോ. പുഷ്‌പാര്‍ച്ചന നടത്തിയിട്ടേ പോകാവൂ എന്ന് നിര്‍ബന്ധിക്കുന്നതാണോ ശരി. മുന്‍ ഗവര്‍ണര്‍ ആനന്ദബോസിനോട് നല്ല രീതിയിലാണ് പെരുമാറിയത്. ഈ വിവാദം വീണ്ടും ഉണ്ടാക്കിയതിന് പിന്നില്‍ സുരേഷ് ഗോപിയുടെ രാഷ്ര്‌ടീയ ലക്ഷ്യമുണ്ട്. അതില്‍ പാവം ഉപരാഷ്ര്‌ടപതിയേയും വലിച്ചിഴച്ചു. ഡല്‍ഹിയിലെ കരയോഗത്തിന് എന്‍.എസ്.എസുമായി ഒരു ബന്ധവുമില്ല. ഞങ്ങള്‍ക്ക് മുകളില്‍ കയറാന്‍ ശ്രമിച്ചിട്ടുള്ളതാണ്. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മര്യാദ. സുരേഷ്‌ഗോപിയുടെ നിലപാട് സംസ്‌ഥാനത്ത് ബി.ജെ.പി.യുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് മനസിലാക്കിയാണ് രാജീവ് ചന്ദ്രശേഖരന്‍ എന്‍.എസ്.എസിന് അനുകൂലമായ നിലപാടെടുത്തതെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.







Comments