
കൊച്ചി: കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ച നിലവിലെ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം തടഞ്ഞ് ഹൈക്കോടതി. ബോര്‍ഡിന്റെ പുനഃസംഘടന നിയമപരമല്ലാതെയാണെന്ന ഹര്‍ജികളില്‍ തീര്‍പ്പുണ്ടാകും വരെ വഖഫ് ചുമതലയുള്ള ജോയിന്റ് സെക്രട്ടറിക്ക് വഖഫ് കാര്യങ്ങളുടെ ചുമതലയും ചീഫ് ജസ്‌റ്റിസ് സൗമെന്‍ സെന്‍, ജസ്‌റ്റിസ് വി.എം. ശ്യംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കൈമാറി. ഗൗരവമുള്ള തീരുമാനങ്ങളെടുക്കരുതെന്നു നിര്‍ദേശിച്ച കോടതി, വിഷയം അടുത്തയാഴ്‌ച വീണ്ടും പരിഗണിക്കാനായി മാറ്റി.
വഖഫ് നിയമം അനുശാസിക്കുന്നതു പോലെ രണ്ട് അമുസ്ലിംകളെ ബോര്‍ഡ് അംഗങ്ങളായി ഉള്‍പ്പെടുത്താത്തതടക്കം ചോദ്യംചെയ്‌തു ബി.ജെ.പി. നേതാവ് ഷോണ്‍ ജോര്‍ജ്, അസംബ്ലി ഓഫ് ക്രിസ്‌ത്യന്‍ ട്രസ്‌റ്റ് സര്‍വീസസ് (ആക്‌ട്‌സ്) എന്നിവരടക്കം നല്‍കിയ ഹര്‍ജികളാണു കോടതി പരിഗണിച്ചത്.
അതേസമയം, നിലവിലെ ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന അഡ്വക്കേറ്റ് ജനറലിന്റെ വാദം കോടതി രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് റവന്യു സെക്രട്ടറി കോടതിയില്‍ വിശദീകരണപത്രികയും സമര്‍പ്പിച്ചു.
പ്രത്യേക വിഭാഗങ്ങളെ പ്രതിനിധീകരിക്കാനുള്ള നിയമപരമായ യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചിരിക്കുന്നതെന്നും വഖഫ് കൈകാര്യം ചെയ്യുന്ന വകുപ്പില്‍നിന്നാണ് എക്‌സ് ഒഫീഷ്യോ അംഗമായ ജോയിന്റ് സെക്രട്ടറിയെ നിയമിക്കേണ്ടതെങ്കിലും നിയമ വകുപ്പിലെ ഉദ്യോഗസ്‌ഥനെയാണു നിയമിച്ചിട്ടുള്ളതെന്നും അടക്കമുള്ള ആരോപണങ്ങളും ഹര്‍ജികളില്‍ ഉന്നയിച്ചിട്ടുണ്ട്.
ഈ വാദങ്ങളെല്ലാം പരിഗണിച്ച് 1995ലെ യൂണിഫൈഡ് വഖഫ് മാനേജ്‌മെന്റ് എംപവര്‍മെന്റ്, എഫിഷന്‍സി ആന്‍ഡ് ഡെവലപ്‌മെന്റ് ആക്‌ടിലെ 14-ാം വകുപ്പ് പ്രകാരം ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ തയാറാണെന്നു വാദത്തിനിടെ സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ജാജു ബാബു അറിയിച്ചു. സര്‍ക്കാര്‍ ഹര്‍ജിക്കാരുടെ വാദങ്ങളെ അംഗീകരിക്കുന്നുണ്ടോയെന്നു കോടതി ഈ ഘട്ടത്തില്‍ ചോദിച്ചു. 11 പേര്‍ വേണ്ടിടത്ത് ഒന്‍പതു പേര്‍മാത്രമാണ് ബോര്‍ഡിലുള്ളതെന്നും ബോര്‍ഡ് രൂപവത്‌കരണം നിയമാനുസൃതമല്ലെന്നുമുള്ള കാര്യത്തില്‍ യോജിക്കുന്നുവെന്നും എ.ജി. അറിയിച്ചു. വിവിധ മുസ്ലിം വിഭാഗ പ്രതിനിധികളെ കണ്ടെത്തി അവരെ നിയമപരമായി ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ ശ്രമിച്ചില്ല. എല്ലാ കാര്യങ്ങളും പരിഗണിക്കുമ്പോള്‍ വികലമായ ബോര്‍ഡാണ് നിലവിലുള്ളതെന്നും പുനഃസംഘടന ആവശ്യമാണെന്നും എ.ജി. ചൂണ്ടിക്കാട്ടി.
അമുസ്ലിംകളെ നിയമിക്കണമെന്നു നിയമത്തില്‍ പറയുന്നുണ്ടെങ്കിലും അതുണ്ടായില്ലെന്നും നിയമത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇതു പറയുന്നതെന്നും എ.ജി. വ്യക്‌തമാക്കി. നിയമ പ്രകാരം അമുസ്ലീം അംഗങ്ങളെ നിയമിച്ചിട്ടില്ലെങ്കില്‍ നിലവിലെ ബോര്‍ഡിന് പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ലെന്ന് വ്യക്‌തമാക്കിയ കോടതി, തുടര്‍ന്നാണ് പ്രശ്‌നം തീര്‍പ്പാകും വരെ ജോയിന്റ് സെക്രട്ടറി ബോര്‍ഡിന്റെ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശിച്ച് ഉത്തരവിട്ടത്.
സര്‍ക്കാരിന്റെ വിശദീകരണപത്രിക ലഭിച്ചിട്ടില്ലെന്നും അമുസ്ലിം നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധി കാക്കുന്നതിനാലാണ് ഇവിടെ നിയമനം നടത്താത്തതെന്നുമായിരുന്നു വഖഫ് ബോര്‍ഡ് അഭിഭാഷകന്റെ വാദം. സുപ്രീം കോടതി അമുസ്ലിംകളുടെ നിയമനത്തെ വിലക്കിയിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.







Comments