
കൊച്ചി: വിജിലന്‍സ് കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ അധികാരം സര്‍ക്കാരിനാണെങ്കിലും തെറ്റായ തീരുമാനമാണെങ്കില്‍ റദ്ദാക്കുമെന്ന് ഹൈക്കോടതി. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ തുടര്‍ച്ചയായി പ്രോസിക്യുഷന്‍ അനുമതി നിഷേധിച്ചതു ചോദ്യംചെയ്യുന്ന കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നിരീക്ഷണം. സര്‍ക്കാര്‍ സ്വേച്‌ഛാപരമായ തീരുമാനമെടുക്കാതെ, രേഖകള്‍ പരിശോധിച്ച് നടപടിയെടുക്കണം. അല്ലെങ്കില്‍ ആയിരം തവണ പാസാക്കിയാലും ഉത്തരവ് റദ്ദാക്കുമെന്ന് ജസ്‌റ്റിസ് എ. ബദറുദ്ദീന്‍ വ്യക്‌തമാക്കി.
കോടതി നിലപാട് കുടുപ്പിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയെങ്കിലും വിഷയം ഗൗരവമുള്ളതാണെന്നും കോടതിയെ കുറ്റപ്പെടുത്തി ആദ്യ ഉത്തരവിറക്കിയതില്‍ വ്യവസായ സെക്രട്ടറി കെ. ബിജു നല്‍കിയ മാപ്പപേക്ഷ സ്വീകരിക്കണോ വേണ്ടയോ എന്നതില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു. 17 വര്‍ത്തോളം പ്രവൃത്തിപരിചയമുള്ള ഉന്നത ഉദ്യോഗസ്‌ഥനാണു കോടതിയെ കുറ്റപ്പെടുത്തി ഉത്തരവിറക്കിയത്. ഉത്തരവ് കോടതിയോടുള്ള അനാദാരവാണെന്നു മനസ്സിലാകാന്‍ അഡ്വക്കേറ്റ് ജനറല്‍ പറയേണ്ടിവന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, പ്രോസിക്യുഷന്‍ അനുമതി ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐയുടെ അഭിഭാഷകന്‍ അറിയിച്ചു. ഉത്തരവില്‍ ചില പോരായ്‌മകളുണ്ടെന്നും ലഭിച്ചശേഷം അതു ചൂണ്ടിക്കാട്ടാനുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. തുടര്‍ന്ന് ഇന്നലെത്തന്നെ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് സി.ബി.ഐക്കു കൈമാറാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി വീണ്ടും വെള്ളിയാഴ്‌ച പരിഗണിക്കാന്‍ മാറ്റി.പ്രോസിക്യുഷന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് പരാതിക്കാരനായ കടകംപളളി മനോജ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. സി.ബി.ഐ അന്വേഷിച്ച കേസില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എം.ഡി: കെ.എ. രതീഷ് എന്നിവരാണു പ്രതികള്‍. കോര്‍പ്പറേഷന്‍ 2006-2015 കാലഘട്ടത്തില്‍ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്‌തതില്‍ 80 കോടി രൂപയുടെ ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.







Comments