
തിരുവനന്തപുരം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് കാണാന്‍ അനുമതി നിഷേധിച്ചെന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശന്‍. കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി നിഷേധിച്ചെന്ന ആരോപണം അടിസ്‌ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ബജറ്റ് തിരക്കുകള്‍ക്കിടയില്‍ സുകുമാരന്‍ നായര്‍ തന്റെ പി.എയെ വിളിച്ചിരുന്നു. താന്‍ പിന്നീട് അദ്ദേഹത്തെ തിരിച്ചുവിളിച്ചു സംസാരിക്കുകയും കാണാമെന്നു സമ്മതിക്കുകയും ചെയ്‌തതാണ്. എന്നാല്‍ രണ്ടു ദിവസത്തിനുശേഷം താന്‍ അനുമതി നല്‍കിയില്ലെന്ന തരത്തില്‍ ആരോപണം ഉയരുകയാണുണ്ടായത്. സുകുമാരന്‍ നായര്‍ നേരിട്ട് ഇത്തരമൊരു പരാതി പറഞ്ഞതായി കണ്ടിട്ടില്ല. നേതാക്കളെ കാണുന്നത് എപ്പോഴും പരസ്യമായിട്ടാണ്. അനുമതി നിഷേധിച്ചാല്‍ മാത്രമാണ് അതു വാര്‍ത്തയാകേണ്ടതന്നും മുഖ്യമന്ത്രി പറഞ്ഞു.
താന്‍ ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് ഒളിച്ചല്ല. അവരെ മുറിയില്‍ ഇരുത്തിയാണു സംസാരിച്ചത്. തനിക്കെതിരേ വ്യാപക പ്രചാരണം നടത്തിയവര്‍ ഉള്‍പ്പെടെയാണ് നിവേദനം നല്‍കാന്‍ വന്നത്. അവരെ കാണാന്‍ പറ്റില്ലെന്നു പറയാന്‍ കഴിയില്ല. താന്‍ ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധിയല്ല. താന്‍ ഹിന്ദു ഐക്യവേദി നേതാക്കളെ ഇരുത്തിയ അതേ കസേരയില്‍ ഗവണ്‍മെന്റിനെതിരേ സമരംചെയ്യുന്ന എന്‍.ജി.ഒ യൂണിയന്‍ നേതാക്കളും സി.പി.എം അനുകൂല അധ്യാപക സംഘടനകളുടെ പ്രതിനിധികളും വന്നിരുന്നിട്ടുണ്ട്. പിണറായി വിജയന്‍ പണ്ട് ആര്‍.എസ്.എസ് നേതാക്കളെ മസ്‌കറ്റ് ഹോട്ടലില്‍ ഒളിച്ചുകണ്ടതുപോലെയല്ല താന്‍
നേതാക്കളെ കാണുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.
വിവിധ സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്‌ചകള്‍ സ്വാഭാവികമാണ്. ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ആലുവയിലെ വസതിയില്‍ വന്ന് കണ്ടിരുന്നു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ കാര്യങ്ങള്‍ സംസാരിക്കാന്‍ വന്നിട്ടുണ്ട്. സാമൂഹിക പ്രശ്‌നങ്ങളും സ്‌ഥാപനങ്ങളുടെ കാര്യങ്ങളും സംസാരിക്കാന്‍ നിരവധി ബിഷപ്പുമാരും സമസ്‌തയുടെ നേതാക്കളും വരാറുണ്ട്. ആരുവന്നാലും അവര്‍ക്ക് പറയാനുള്ളതു കേള്‍ക്കുകയെന്നത് ഒരു ജനപ്രതിനിധിയുടെ കടമയാണ്. ഇത്തരം കൂടിക്കാഴ്‌ചകളെ രാഷ്‌ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ ശരീരഭാഷ ഇഷ്‌ടപ്പെട്ടു കാണില്ലെന്നു സൂചിപ്പിച്ചുകൊണ്ട് പി. രാജീവിനും മുഖ്യമന്ത്രി മറുപടി നല്‍കി. പി. രാജീവ് ബുദ്ധിജീവിയും ചിന്തകനും എഴുത്തുകാരനുമൊക്കെയാണ്. എന്നാല്‍ താനൊരു സാധാരണക്കാരനാണ്. തമാശ പറഞ്ഞാല്‍ ചിരിക്കുകയും ദേഷ്യം വന്നാല്‍ പൊട്ടിത്തെറിക്കുകയും സങ്കടം വന്നാല്‍ കരയുകയും ചെയ്യുന്ന സാധാരണക്കാരന്‍. പി. രാജീവിന്റെ ശൈലിയല്ല തന്റെ ശൈലിയെന്നും മുഖ്യമന്ത്രി പറഞ്ഞു.







Comments