
കൊച്ചി: മിഷൻ സമുദ്രയുടെ പേരിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ ക്രെഡിറ്റ് മുഖ്യമന്ത്രി ഏറ്റെടുക്കുകയാണെന്ന ആരോപണം ആവർത്തിച്ച് എൽഡിഎഫ്. വില്ലിങ്ടൺ ഐലൻഡ് പദ്ധതിക്ക് പിന്നാലെ, കൊച്ചി രാമൻതുരുത്തിലെ ഷിപ്പ് ബിൽഡിംഗ് പദ്ധതിയും മുൻ എൽഡിഎഫ് സർക്കാർ അന്തിമഘട്ട നടപടികൾ പൂർത്തിയാക്കിയതാണെന്ന് മുൻ വ്യവസായമന്ത്രി പി. രാജീവ് വ്യക്തമാക്കി.
ടാറ്റ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാർ വാർത്താക്കുറിപ്പിലൂടെ വിശദീകരണം നൽകിയെങ്കിലും, മുഖ്യമന്ത്രി ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ലെന്നും രാജീവ് ചൂണ്ടിക്കാട്ടി.
യുഡിഎഫ് സർക്കാരിന്റെ പദ്ധതികളെന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്ന സംരംഭങ്ങളിലാണ് ഇപ്പോൾ ക്രെഡിറ്റ് തർക്കം ശക്തമാകുന്നത്. ടാറ്റ ഗ്രൂപ്പിന് അറിയാത്ത നിക്ഷേപ പ്രഖ്യാപനമെന്ന വിമർശനത്തിന് പിന്നാലെ, രാമൻതുരുത്തിലെ ഷിപ്പ് ബിൽഡിംഗ് പദ്ധതിയും വിവാദത്തിലായി.
2025 ജൂലൈയിൽ തന്നെ കൊച്ചിൻ ഷിപ്പ്യാർഡും ഹ്യൂണ്ടായിയും തമ്മിൽ സംയുക്ത സംരംഭത്തിനുള്ള കരാർ ഒപ്പുവെച്ചിരുന്നുവെന്ന് രാജീവ് പറഞ്ഞു. 5,000 കോടി രൂപയുടെ നിക്ഷേപത്തിൽ കപ്പൽ നിർമാണ യൂണിറ്റ് സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനാവശ്യമായ ഭൂമി കൈമാറ്റ നടപടികളും അന്നത്തെ സർക്കാർ പൂർത്തിയാക്കിയിരുന്നുവെന്നും, അത്തരമൊരു പദ്ധതിയെ ഇപ്പോൾ എങ്ങനെ മിഷൻ സമുദ്രയുടെ ഭാഗമായി അവതരിപ്പിക്കാനാകുമെന്ന് രാജീവ് ചോദിച്ചു.







Comments