തമിഴ്നാട്ടിലെ വ്യാപാരികള്‍ ബുധനാഴ്ച മുതല്‍ പെപ്സി, കൊക്കോക്കോള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ലെന്ന തീരുമാനം എടുത്തിരിക്കുന്നു. തമിഴ്നാട് വാണികര്‍ കൂട്ടമൈപ്പു പേരവൈ, തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന് തുടങ്ങിയ സംഘടനകളുടെ കീഴിലുള്ള വ്യാപാരികളാണ് ബഹുരാഷ്ട്ര ശീതള പാനീയ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് തീരുമാനിച്ചത്. 15 ലക്ഷം വ്യാപാരികള്‍ അംഗങ്ങളായ സംഘടനകളുടെ തീരുമാനം ബഹുരാഷ്ട്ര ഭീമന്മാര്ക്ക് കുറച്ചൊന്നുമല്ല തിരിച്ചടിയാകുന്നത്. പെപ്സി, കൊക്കോക്കോള ഉല്‍പ്പന്നങ്ങളില്‍ വിഷാംശം കണ്ടെത്തിയ സാഹചര്യത്തില്‍ ഇവയുടെ വില്‍പ്പന കുറ്റകരമാക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട സംഘവും വ്യാപാരി സംഘടനകളുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലായ്പ്പോഴും തമിഴന്റെ രാഷ്ട്രീയബോധത്തെ പരിഹസിക്കുന്ന മലയാളികള്‍ മാതൃകയാക്കേണ്ട തീരുമാനമാണ് തമിഴ്നാട്ടിലെ വ്യാപാരികള്‍ കൈക്കൊണ്ടത്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന വ്യാപാരികള്‍ പെപ്സി കൊക്കോക്കോള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് തീരുമാനിച്ചാല്‍ കമ്പനികള്‍ക്ക് മുട്ടുമടക്കുകയേ നിവൃത്തിയുള്ളൂ. കമ്പനികളുടെ ജലചൂഷണത്തിനെതിരായ ശരിയായ രാഷ്ട്രീയനിലപാട് പ്രഖ്യാപനം കൂടിയാണ് ഈ വില്‍പ്പന നിരോധനം. പെപ്സിയുടേയും കോക്കോക്കോളയുടെയും പേര് 'അമ്മ കോള' എന്നാക്കിയാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ എന്ന് ചില പരിഹാസ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. തമിഴരുടെ രാഷ്ട്രീയബോധത്തെക്കുറിച്ചുള്ള മലയാളിയുടെ വിലയിരുത്തലാണ് ആ കമന്റില്‍ ഉള്ളത്.
എന്നാല്‍ രാഷ്ട്രീയ പ്രബുദ്ധതയുണ്ടെന്ന് അഭിമാനിക്കുന്ന മലയാളിയേക്കാള്‍ വിവേകത്തോടെ തമിഴ്നാട്ടുകാര്‍ ചിന്തിക്കുന്നു എന്നതിന്റെ തെളിവാണ് ബഹുരാഷ്ട്ര കമ്പനികളുടെ മര്‍മ്മത്ത് അടിക്കുന്ന ഈ തീരുമാനം. എന്തുകൊണ്ട് മലയാളികള്‍ക്ക് ഈ തീരുമാനം എടുക്കാന്‍ സാധിച്ചില്ല? സമീപഭാവിയിലെങ്ങും ഈ തീരുമാനം കേരളത്തിലെ വ്യാപാരികള്‍ എടുക്കുമെന്നും കരുതാനാകില്ല. തമിഴന്റെ രാഷ്ട്രീയബോധത്തെയും പ്രാദേശിക വാദത്തെയും നാം പരിഹസിച്ചാലും അവനവനെ ബാധിക്കുന്ന വിഷയത്തില്‍ തമിഴര്‍ക്ക് ശക്തമായ നിലപാടുണ്ട്. അത് ജെല്ലിക്കെട്ട് ആയാലും മുല്ലപ്പെരിയാര്‍ വിഷയം ആയാലും.
ഇനി മലയാളികള്‍ക്ക് ഏതെങ്കിലും കാര്യത്തില്‍ യോജിച്ച നിലപാടുണ്ടോ? എന്ന് പരിശോധിക്കാം. ഇല്ലെന്ന് മാത്രമല്ല, തങ്ങളെ ബാധിക്കാത്ത ഏതൊരു വിഷയത്തോടും തികഞ്ഞ നിസംഗ മനോഭാവമാണ് മലയാളിക്കുള്ളത്. സ്വന്തം നിലനില്‍പ്പിനെ ബാധിക്കാത്ത ഒന്നും മലയാളിയെ ആശങ്കപ്പെടുത്തുന്നില്ല. കൊക്കോക്കോളയ്ക്കെതിരായ പ്ലാച്ചിമട സമരത്തെ ഒരു മുഖ്യധാരാ സിനിമ അടയാളപ്പെടുത്തിയത് തികഞ്ഞ പരിഹാസരൂപേണയാണ്. കോള വിരുദ്ധ സമരത്തെ തികച്ചും അപഹാസ്യമായി ചിത്രീകരിച്ച ഈ സിനിമയിലെ ഒരു കഥാപാത്രം ഇങ്ങനെ ചോദിക്കുന്നുണ്ട് 'എന്തേ കൊക്കോക്കോള നിങ്ങളെ കടിച്ചോ?' മലയാളിയുടെ അരാഷ്ട്രീയ പൊതുബോധം രൂപപ്പെടുത്തുന്നത് ഇത്തരം സിനിമകളാണ്.
ഐതിഹാസികമായ പ്ലാച്ചിമട സമരം നടന്ന പാലക്കാട് ജില്ലയില്‍ തന്നെ മറ്റൊരു ബഹുരാഷ്ട്ര കമ്പനി ജലചൂഷണം തുടരുന്നു എന്നതും മലയാളികളെ ആശങ്കപ്പെടുത്തുമെന്ന് തോന്നുന്നില്ല. പെപ്സി കമ്പനിയാണത്. പ്ലാച്ചിമടയിലെ കൊക്കോക്കോള കമ്പനി പൂട്ടിയിട്ട് പതിമൂന്ന് വര്‍ഷം പിന്നിടുന്നു. എന്നാല്‍ പെപ്സി കമ്പനി ഇപ്പോഴും ജലചൂഷണം തുടരുകയാണ്. ദിവസം മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഈ കമ്പനി ഊറ്റുന്നത്. പ്രദേശവാസികള്‍ ജീവിക്കുന്നത് വെറും അഞ്ച് ലിറ്റര്‍ വെള്ളം കൊണ്ട്. വി.എസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയിലാണ് പെപ്സി കമ്പനി ജലചൂഷണം തുടരുന്നതെന്നും അറിയുക.
തമിഴ്നാട് സധൈര്യം പ്രഖ്യാപിച്ച രാഷ്ട്രീയനിലപാട് കണ്ടില്ലെന്ന് നടിച്ച് മലയാളികള്‍ക്ക് എത്രനാള്‍ മുന്നോട്ട് പോകാനാകും? ഓര്‍ക്കുക, ഇനിയൊരു ലോകയുദ്ധമുണ്ടായാല്‍ അത് ജലത്തിന് വേണ്ടിയായിരിക്കും.




