
കസാഖിസ്താൻ: എട്ട് മാസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ എക്സ്പെഡീഷൻ 74 സംഘം ഭൂമിയിൽ തിരിച്ചെത്തി. മൂന്ന് ബഹിരാകാശ സഞ്ചാരികളുമായി എത്തിയ സോയൂസ് MS-28 പേടകം കസാഖിസ്താനിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
ഉച്ചയ്ക്ക് 12.33ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്ത പേടകം വൈകിട്ട് 3.55ന് പാരച്യൂട്ടിന്റെ സഹായത്തോടെ കരയിൽ ഇറങ്ങി. നാസയുടെ ക്രിസ് വില്ല്യംസ്, റഷ്യൻ കോസ്മോനോട്ടുമാരായ സെർജി കുദ്-സ്വേർകോവ്, സെർജി മിഖേവ് എന്നിവരാണ് ഭൂമിയിലേക്ക് മടങ്ങിയത്.
ദീർഘകാല ബഹിരാകാശ യാത്രയോട് മനുഷ്യശരീരം എങ്ങനെ പൊരുത്തപ്പെടുന്നുവെന്നത് വിലയിരുത്തുന്നതിനുള്ള വിവിധ പരീക്ഷണങ്ങളും ആരോഗ്യപഠനങ്ങളുമാണ് സംഘം നടത്തിയത്. ബഹിരാകാശത്തെയും ഭൂമിയിലെയും ആരോഗ്യപ്രശ്നങ്ങൾക്ക് പുതിയ ചികിത്സാരീതികൾ വികസിപ്പിക്കാൻ സഹായകമായ ഗവേഷണങ്ങളും ദൗത്യത്തിന്റെ ഭാഗമായി പൂർത്തിയാക്കി.
എക്സ്പെഡീഷൻ 74 നടത്തിയ പഠനങ്ങളുടെ തുടർച്ചയാണ് മലയാളിയായ അനിൽ മേനോൻ ഉൾപ്പെട്ട എക്സ്പെഡീഷൻ 75 സംഘം ഇനി മുന്നോട്ടുകൊണ്ടുപോകുക. മൂന്ന് പേർ മടങ്ങിയതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇപ്പോൾ അനിൽ മേനോൻ ഉൾപ്പെടെ ഏഴ് പേരാണ് തുടരുന്നത്.







Comments