ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോങ് ജമ്പില്‍ വെള്ളി മെഡല്‍ നേടി മലയാളി താരം മുരളി ശ്രീശങ്കര്‍ ഇന്ത്യയുടെ അഭിമാനമായി. പുരുഷന്മാരുടെ ലോങ് ജമ്പ് ഫൈനലില്‍ 8.09 മീറ്റര്‍ ദൂരം താണ്ടിയാണ് ശ്രീശങ്കറിന്റെ വെള്ളിത്തിളക്കം.
2022-ലെ ഗെയിംസിന് പിന്നാലെ 2026-ലും വെള്ളി നേടിയതോടെ, കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജമ്പില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്ര റെക്കോര്‍ഡും ശ്രീശങ്കര്‍ സ്വന്തമാക്കി. ജമൈക്കയുടെ താജയ് ഗെയ്ലിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. സ്കോട്ട്ലന്‍ഡിന്റെ സ്റ്റീഫന്‍ മക്കെന്‍സി 8.08 മീറ്റര്‍ ദൂരത്തോടെ വെങ്കല മെഡല്‍ നേടി.
മത്സരം നേരില്‍ കാണാന്‍ അച്ഛനും പരിശീലകനുമായ എസ്. മുരളി ഗ്ലാസ്ഗോവിലുണ്ടായിരുന്നു. എന്നാല്‍, സഹോദരി ശ്രീപാര്‍വതിയുടെ എം.ബി.ബി.എസ് പരീക്ഷ നടക്കുന്നതിനാല്‍ മാതാവ് കെ.എസ്. ബിജിമോളും ശ്രീപാര്‍വതിയും തിരുവനന്തപുരത്തായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പുലര്‍ച്ചെ ടെലിവിഷനിലൂടെ ഹോട്ടല്‍ മുറിയിലിരുന്നാണ് അവര്‍ മത്സരം കണ്ടത്.
മികച്ച പ്രകടനമാണ് പ്രതീക്ഷിച്ചിരുന്നത്. എല്ലാ നേട്ടങ്ങള്‍ക്കും അതിന്റേതായ സമയമുണ്ട്. പരുക്കിനുശേഷം ഇത്ര ശക്തമായി തിരിച്ചെത്തി വീണ്ടും മെഡല്‍ നേടിയത് തന്നെ വലിയ വിജയമാണ്. ഇനിയും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ ശ്രീശങ്കറിന് കഴിയുമെന്ന വിശ്വാസമുണ്ടെന്ന് മാതാവ് കെ.എസ്. ബിജിമോള്‍ പറഞ്ഞു.
തുടര്‍ച്ചയായി രണ്ടാം തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയത് വലിയ സന്തോഷമാണ്. കഠിനാധ്വാനത്തിനുള്ള അംഗീകാരമാണിത്. ഉടന്‍ തന്നെ സ്വര്‍ണ മെഡലും സ്വന്തമാക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ശ്രീപാര്‍വതി പറഞ്ഞു. ശ്രീശങ്കറിനെപ്പോലെ തന്നെ കായികരംഗത്ത് സജീവമായ ശ്രീപാര്‍വതി ഹെപ്റ്റാത്ലറ്റുമാണ്.
പാലക്കാട് യാക്കര മുറിക്കാവ് സ്വദേശിയായ ശ്രീശങ്കറിന്റെ നേട്ടം ജില്ലയില്‍ വലിയ ആഘോഷത്തിനാണ് വഴിവച്ചത്.
മുട്ടിനേറ്റ ഗുരുതരമായ പരുക്കിനെ തുടര്‍ന്ന് 2024 പാരീസ് ഒളിമ്പിക്സ് നഷ്ടമായ ശേഷമുള്ള ഈ തിരിച്ചുവരവ് ഇന്ത്യന്‍ അത്ലറ്റിക്സിലെ ഏറ്റവും പ്രചോദനാത്മകമായ തിരിച്ചുവരവുകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. വെള്ളി മെഡല്‍ നേടിയതറിഞ്ഞ്് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും മധുരം വിതരണം ചെയ്ത് സന്തോഷം പങ്കുവച്ചു.
തുടക്കം മുതല്‍ മകന്റെ പരിശീലകനായ മുരളി മുന്‍ ട്രിപ്പിള്‍ ജംപ് താരവും സൗത്ത് ഏഷ്യന്‍ ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവുമാണ്. 1992ലെ ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് മാതാവ് ബിജിമോള്‍. ആദ്യ മൂന്നു ശ്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഗോള്‍ഡ് പൊസിഷനിലുണ്ടായിരുന്ന ശ്രീശങ്കറിനെ, നാലാം ശ്രമത്തില്‍ ജമൈക്കന്‍ താരം തജായ് ഗെയ്ലാണു പിന്തള്ളിയത്. 8.15 മീറ്റര്‍ ദൂരമാണ് ഗെയ്ല് പിന്നിട്ടത്. ഗെയ്ലിനെ മറികടക്കാന്‍ ശ്രീശങ്കര്‍ ശ്രമിച്ചെങ്കിലും രണ്ടു ശ്രമങ്ങള്‍ ഫൗളിലാണു കലാശിച്ചത്. ആദ്യ ശ്രമത്തില്‍ 8.03 മീറ്ററാണു മലയാളി താരം ചാടിയത്. രണ്ടാം ശ്രമത്തില്‍ നില മെച്ചപ്പെടുത്തി. ശ്രീശങ്കറിന്റെ മൂന്നും നാലും ശ്രമങ്ങള്‍ ഫൗളായപ്പോള്‍, പിന്നീടുള്ള ചാട്ടങ്ങളില്‍ എട്ടു മീറ്റര്‍ പിന്നിടാന്‍ താരത്തിനു സാധിച്ചില്ല.
ഒളിമ്പിക്സില്‍ പരുക്ക്, നിരാശ
കഴിഞ്ഞ പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു മുരളി ശ്രീശങ്കര്‍. എന്നാല്‍ ഒളിമ്പിക്സിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കേ പരിശീലനത്തിനിടെ കാല്‍മുട്ടിന് സംഭവിച്ച പരിക്ക് ശ്രീശങ്കറിന് തിരിച്ചടിയായി. അതോടെ താരത്തിന് പാരീസ് ഒളിമ്പിക്സില്‍ നിന്ന് പിന്‍വാങ്ങേണ്ടിയും വന്നു. ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ 8.37 മീറ്റര്‍ ചാടിക്കൊണ്ടാണ് യോഗ്യത ഉറപ്പിച്ച് മികച്ച ഫോമില്‍ നില്‍ക്കുമ്പോഴായിരുന്നു വിധി ശ്രീശങ്കറിനെ പരീക്ഷിച്ചത്.





Comments