ഗ്ലാസ്ഗോ: വനിതകളുടെ 86 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് നിരാശ. മാര്‍ട്ടിന ദേവി മെഡല്‍ നേടാനാവാതെ പുറത്തായി. സ്നാച്ച്, ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് റൗണ്ടുകളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും താരത്തിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആകെ 245 കിലോയാണ് താരം ഉയര്‍ത്തിയത്. ഇംഗ്ലണ്ടിന്റെ എമിലി കാംപ്ബെല്‍(278 കിലോഗ്രാം) സ്വര്‍ണം നേടി.സ്നാച്ച് റൗണ്ടില്‍ മാര്‍ട്ടിനയുടെ ആദ്യ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. 103 കിലോ ഉയര്‍ത്താനായിരുന്നു ശ്രമം. ആദ്യ ശ്രമത്തില്‍ അതിന് സാധിച്ചില്ല. രണ്ടാം ശ്രമത്തിലും പരാജയമായിരുന്നു ഫലം. എന്നാല്‍ മൂന്നാം ശ്രമത്തില്‍ 105 കിലോ ആയി ഭാരം ഉയര്‍ത്തി. പരാജയപ്പെട്ടാല്‍ പുറത്തുപോകുമെന്ന സ്ഥിതി. എന്നാല്‍ അവസാനശ്രമത്തില്‍ 105 കിലോ ഉയര്‍ത്തി മാര്‍ട്ടിന തിരിച്ചുവന്നു.
സ്നാച്ച് റൗണ്ട് അവസാനിക്കുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു മാര്‍ട്ടിന. ന്യൂസിലന്‍ഡിന്റെ അലോഫ പട്ടോളോ ഒന്നാമതും ഇംഗ്ലണ്ടിന്റെ എമിലി കാംപ്ബെല്‍ രണ്ടാമതുമെത്തി. ഇരുവരും 115 കിലോ ആണ് സ്നാച്ചില്‍ ഉയര്‍ത്തിയത്. നാലാംസ്ഥാനത്തുണ്ടായിരുന്ന കനേഡിയന്‍ താരം മേ ലവ് 106 കിലോ ആണ് ഉയര്‍ത്തിയത്.ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ കൂടുതല്‍ മെച്ചപ്പെടുത്തി മുന്നോട്ടുകുതിക്കാനായിരുന്നു മാര്‍ട്ടിനയുടെ ശ്രമം. ആദ്യ ശ്രമത്തില്‍ 140 കിലോ ഉയര്‍ത്തി മെഡല്‍ പ്രതീക്ഷ സജീവമാക്കി. എന്നാല്‍ മെഡല്‍ നേട്ടത്തിലെത്താന്‍ അത് മതിയായിരുന്നില്ല. സ്നാച്ചില്‍ മുന്നിലെത്തിയവര്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മികവ് പുലര്‍ത്തിയതോടെ മാര്‍ട്ടിനയുടെ മെഡല്‍ പ്രതീക്ഷ മങ്ങി. രണ്ടാം ശ്രമത്തില്‍ 144 കിലോ ഉയര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടു. മൂന്നാം ശ്രമത്തില്‍ 146 കിലോ ആയിരുന്നു ഉന്നം. എന്നാല്‍ അതിനും സാധിക്കാതെ വന്നതോടെ താരം നിരാശയോടെ മടങ്ങി. ആകെ 245 കിലോ ഉയര്‍ത്തിയാണ് മാര്‍ട്ടിന മടങ്ങിയത്. 278 കിലോ ഉയര്‍ത്തിയ കാംപ്ബെല്‍ സ്വര്‍ണം നേടി.






Comments