
പൊന്നാനി: പരിമിതികളുടെ റിബണ്‍ മുറിച്ചു കടന്ന് ലോകത്തെ തൊട്ടിരിക്കുകയാണ് പൊന്നാനിക്കാരന് മുഹമ്മദ് ബാസില്‍. ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലെ പാരാ-അത്ലറ്റിക്സ് വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പുരുഷന്മാരുടെ 100 മീറ്റര്‍ ഇനത്തില്‍ മത്സരിച്ച ബാസില്‍ രണ്ടാം സ്ഥാനം നേടി. പൊന്നാനിയില്‍ നിന്ന് ഓട്ടത്തില്‍ പിച്ചവച്ച ബാസില്‍ സ്കോട്ട്ലാന്റിലെ രാജ്യാന്തര ട്രാക്കില്‍നിന്ന് കഴുത്തിലണിഞ്ഞത് സ്വര്‍ണ്ണത്തിളക്കമുള്ള വെള്ളി മെഡല്‍.
10.83 സെക്കന്റിലാണ് ബാസില്‍ രണ്ടാമനായി ഫിനിഷ് ചെയ്തത്. മഹാരാഷ്ട്രക്കാരനായ ദിലീപ് മഹാദുവാണ് ഒന്നാമതായി ഫിനിഷ് ചെയ്തത്. 10.71 സെക്കന്റ് ആയിരുന്നു സമയം. 10.63 ആണ് ബാസിലിന്റെ മികച്ച സമയം. കേരളത്തില്‍ നിന്ന് ബാസില്‍ മാത്രമാണ് ഗ്ലാസ്ഗോ പാരാ അത്ലറ്റിക്സില് പങ്കെടുത്ത മലയാളി. നേരത്തെ പരീസില്‍ നടന്ന വേള്‍ഡ് പാരാ അത്ലറ്റിക് ഗ്രാന്‍ഡ് പ്രിക്സ് ഹാന്‍ഡി സ്പോര്‍ട്ട് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗം 100 മീറ്റര്‍ ഓട്ടത്തില്‍ ബാസില്‍ സ്വര്‍ണ്ണം നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസിനു അര്‍ഹത നേടിയത്. കഴിഞ്ഞ വര്‍ഷം ചെന്നൈയിലും ഡല്‍ഹിയിലും നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതായതോടെയാണ് ബാസില്‍ ലോക ട്രാക്കിലെത്തുന്നത്. 2022ല്‍ ഗുജറാത്തില്‍ നടന്ന പാരാ അത്ലറ്റിക് ദേശീയ ചാമ്പ്യന്‍ഷിപ്പിലും ബാസില്സ്വര്ണ്ണം നേടിയിരുന്നു. സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സില് ജനറല്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയിട്ടുണ്ട്.ചെറവല്ലൂര്‍ ഗുഡ് ഹോപ്പ് സെന്‍ട്രല്‍ സ്കൂളിലെ കായികാധ്യാപകനായ കെ.വി. അനസിന്റെ പരിശീലനത്തിലൂടെയാണ് ബാസില്‍ ഓട്ടം തുടങ്ങിയത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് ബാസിലിന്റെ ഓട്ടം അനസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഫുട്ബോളിനേക്കാള്‍ ബാസില്‍ കുതിച്ചു കയറുക ഓട്ടത്തിലാണെന്ന് മനസിലാക്കിയ അധ്യാപകന് ഒപ്പം കൂട്ടി. കഠിനമായ പരിശീലനം നല്കി.
ഒപ്പം പ്രചോദനവും. തിരുവനന്തപുരം സായിയിലാരുന്നു നിലവിലെ പരിശീലനം. ജന്മനാ വലതുകൈ ഇല്ലാത്ത ബാസില്ഒരു ഘട്ടത്തിലും തളര്‍ന്നില്ല. പരിമിതികളെ പിന്നിലാക്കി കുതിച്ചു. പൊന്നാനി പള്ളപ്രം കളത്തിങ്കല്‍ സിറാജുദ്ദീന്റെയും സീനത്തിന്റെയും മകനാണ്. ത തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. തിരുവനന്തപുരം സായിയിലാണ് പരിശീലനം.
കെ വി നദീര്‍





Comments