ന്യൂഡല്‍ഹി: കാവേരി നദീജലം പങ്കിടുന്നതില്‍ കര്‍ണാടകവുമായുള്ള തര്‍ക്കത്തിനു പരിഹാരംതേടി തമിഴ്‌നാട് സുപ്രീം കോടതിയില്‍. കഴിഞ്ഞദിവസം കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളാണ് ധൃതഗതിയിലുള്ള തമിഴ്‌നാടിന്റെ നീക്കത്തിനു പിന്നില്‍.മേക്കെദാട്ട് അണക്കെട്ട് നിര്‍മിക്കുക മാത്രമാണ് കാവേരി തര്‍ക്കത്തിനുള്ള ശാശ്വത പോംവഴിയെന്നായിരുന്നു ശിവകുമാറിന്റെ പരാമര്‍ശം. ഇതിന്റെ 90 ശതമാനം പ്രയോജനവും തമിഴ്‌നാടിനായിരിക്കും. അണക്കെട്ടിലെ വെള്ളം ബംഗളുരുവിലേക്കു വഴിതിരിച്ചുവിടാനാകില്ല. വസ്‌തുതകള്‍ മനസിലാക്കാന്‍ ഏതൊരാള്‍ക്കും പദ്ധതി പ്രദേശം സന്ദര്‍ശിക്കാമെന്നും ശിവകുമാര്‍ പറഞ്ഞു.
സമവായമെന്ന നിലയില്‍ മുമ്പും ഉയര്‍ന്നിട്ടുള്ള ഈ നിര്‍ദേശത്തെ തമിഴ്‌നാട് എല്ലാക്കാലത്തും എതിര്‍ത്തിരുന്നു. സംസ്‌ഥാനത്ത് അധികാരമേറ്റ തമിഴക വെട്രി കഴകം (ടി.വി.കെ) സര്‍ക്കാരും ഇതില്‍നിന്നു വ്യത്യസ്‌ത സമീപനമല്ല സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ടി.വി.കെ. സര്‍ക്കാര്‍ ഇതിനെതിരേ നിയമസഭയില്‍ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയത് ഉദാഹരണം. അതിനിടയിലാണ് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വെള്ളം കാവേരി നദിയില്‍നിന്നു വിട്ടുനല്‍കാന്‍ കര്‍ണാടക തയാറായിട്ടില്ലെന്നു വ്യക്‌തമാക്കുന്ന കണക്കുകള്‍ തമിഴ്‌നാടിനു ലഭിച്ചത്. കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണിത്. ഈ സാഹചര്യത്തില്‍, മുതിര്‍ന്ന നിയമവിദഗ്‌ദ്ധരുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പ്രശ്‌നപരിഹാരത്തിനും തമിഴ്‌നാടിന് അവകാശപ്പെട്ട ജലം സമയബന്ധിതായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.കര്‍ണാടകയുടെയും തമിഴ്‌നാടിന്റെയും അതിര്‍ത്തി ഗ്രാമമായ ബിലിഗുണ്ട്‌ലുവിലൂടെയാണ് കാവേരി നദി കര്‍ണാടകയില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നത്.ജൂലൈ 29 മുതല്‍ ഓഗസ്‌റ്റ് 12 വരെയുള്ള 15 ദിവസംകൃഷ്‌ണരാജസാഗര്‍, കബനി ജലാശയങ്ങളില്‍ നിന്ന് ബിലിഗുണ്ട്‌ലുവിലേക്ക് സെക്കന്‍ഡില്‍ 3,500 ക്യൂസെക്‌സ് വെള്ളം ഒഴുകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടുവരെ ലഭിച്ചത് സെക്കന്‍ഡില്‍ 158 മുതല്‍ 550 ക്യൂസെക്‌സ് വരെ വെള്ളം മാത്രമായിരുന്നു. കര്‍ണാടകയിലെ ജലാശയങ്ങളില്‍ ആവശ്യത്തിന് വെള്ളമുള്ളപ്പോഴാണ് ഈ സ്‌ഥിതിയെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്‌തമാക്കി.



Comments