ന്യൂഡല്‍ഹി: സുപ്രീം കോടതി ഉത്തരവിലെ അവ്യക്‌തത നീങ്ങിയ സാഹചര്യത്തില്‍, വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നു സി.ജെ.പി. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. സമരത്തിനിടെ അറസ്‌റ്റിലായവരില്‍ 'കുറ്റകൃത്യ പശ്‌ചാത്തലം' ഉള്ളവരൊഴികെ ബാക്കി എല്ലാവരെയും ഉടന്‍ വിട്ടയക്കണമെന്ന് ജൂലൈ 28ലെ ഉത്തരവില്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ മാത്രമാണ് സൂചിപ്പിക്കുന്നതെന്നും കോടതി ഇന്നലെ വിശദീകരിച്ചു. ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തിനും സംസ്‌ഥാന സര്‍ക്കാരുകള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്‌തമാക്കി. ഇതോടെ തെറ്റിദ്ധാരണകള്‍ നീങ്ങിയെന്നും തങ്ങളുടെ ഉറപ്പുകള്‍ പാലിക്കാന്‍ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും സി.ജെ.പി. വക്‌താവ് സൗരവ് ദാസ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളുമായി നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്നും ദാസ് പറഞ്ഞു. പോലീസ് അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ പ്രത്യേക അന്വേഷണ സംഘത്തെയോ ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള സമിതിയെയോ പരിഗണിക്കുന്നുണ്ടെന്ന് ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്‌തമാക്കി.



Comments