ന്യൂഡല്‍ഹി: രാജ്യതലസ്‌ഥാനത്ത് പ്രതിഷേധങ്ങള്‍ക്കും ധര്‍ണകള്‍ക്കുമായി ജന്തര്‍ മന്ദറിനു പകരം മറ്റൊരിടം കണ്ടെത്തുന്നതിനെക്കുറിച്ച് പ്രതികരണം തേടി കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. സതീഷ്‌ചന്ദ് കൗശിക് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി 'പ്രാധാന്യമുള്ള വിഷയ'മെന്നു വ്യക്‌തമാക്കി ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടി വൈകാതെ സമര്‍പ്പിക്കാമെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. തലസ്‌ഥാനത്തെ പ്രതിഷേധങ്ങള്‍ക്ക് ജന്തര്‍ മന്ദര്‍ അനുയോജ്യമല്ലെന്നാണു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇവിടെ ആളുകള്‍ തടിച്ചുകൂടി സമരം ചെയ്യുന്നത് പ്രദേശവാസികള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. അവശ്യസേവനങ്ങളടക്കം പലപ്പോഴും തടസപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ്.
പരിമിതവും നിയന്ത്രിക്കാന്‍ കഴിയുന്നതുമായ പ്രതിഷേധങ്ങള്‍ക്കായി മുന്‍കാലങ്ങളില്‍ നിശ്‌ചയിച്ച സ്‌ഥലമാണു ജന്തര്‍ മന്ദര്‍. ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ആളുകളെ വളരെ വേഗം സംഘടിപ്പിക്കാന്‍ സാധിക്കും.
പാര്‍ലമെന്റും മറ്റ് സര്‍ക്കാര്‍ സ്‌ഥാപനങ്ങളും സ്‌ഥിതി ചെയ്യുന്നത് ഇതിനു സമീപമാണ്. അതിനാല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ഉചിതമായ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്. രാംലീലാ മൈതാനമോ മതിയായ വലിപ്പവും സുരക്ഷയുമുള്ള മറ്റൊരു സ്‌ഥലമോ നിശ്‌ചയിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ആം ആദ്‌മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ നാലിന് പ്രധാനമന്ത്രിയുടെ വസതിയിലേക്കു മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ സൂചിപ്പിച്ചു. ഇത് കോേ്രകാച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിലേതിനു സമാനമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചേക്കാം. അതിനാല്‍ ജൂലൈ 20 ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ അഭ്യര്‍ഥിച്ചു.
പക്ഷേ ഈ വാദത്തോട് പ്രതികരിച്ച ബെഞ്ച്, നിര്‍ദിഷ്‌ട സംഭവത്തില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ചു. അത് മറ്റൊരു വിഷയമാണ്. അത്തരമൊരു പ്രശ്‌നം ഏതുവിധത്തില്‍ കൈകാര്യം ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് അറിയാം. അതില്‍ പരാജയപ്പെട്ടാല്‍ തങ്ങളെ സമീപിക്കാമെന്നും പരമോന്നത നീതിപീഠം വ്യക്‌തമാക്കി.



Comments