ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരേ രജിസ്‌റ്റര്‍ചെയ്‌ത കേസുകള്‍ പിന്‍വലിക്കാനോ റദ്ദാക്കാനോ സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്‌തമാക്കി സുപ്രീംകോടതി. കഴിഞ്ഞ 20ന് ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. വിദ്യാര്‍ഥി സമരക്കാര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനോ അവസാനിപ്പിക്കാനോ സംസ്‌ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് മുന്‍ ഉത്തരവുകളില്‍ വ്യക്‌തത വരുത്തിക്കൊണ്ട് സുപ്രീംകോടതി വ്യക്‌തമാക്കി.
കോടതിയുടെ മുന്‍ ഉത്തരവുകളുടെ വ്യാഖ്യാനത്തെച്ചെല്ലി ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ വ്യക്‌തത വരുത്തല്‍. കൂടാതെ, മുന്‍ ഉത്തരവില്‍ പരാമര്‍ശിച്ച 'ക്രിമിനല്‍ പശ്‌ചാത്തലം' എന്ന പ്രയോഗത്തിന്റെ പരിധി കോടതി ചുരുക്കി. കൊലപാതകം, ബലാത്സംഗം, ഭീകരവാദം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രതികള്‍ക്ക് മാത്രമാണ് ഈ പ്രയോഗം ബാധകമെന്ന് കോടതി വ്യക്‌തമാക്കി.
വാദത്തിനിടയില്‍, സമരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ ഒരു മാര്‍ഗരേഖ തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നതായും ബെഞ്ച് വ്യക്‌തമാക്കി.



Comments