ജിദ്ദ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ സൗദിക്കുനേരേ ഡ്രോണ്‍ ആക്രമണം. സൗദിയിലെ നജ്‌റാന്‍ വിമാനത്താവളത്തിനുനേരേ ആക്രമണം നടത്തിയതായി ഇറാന്‍ പിന്തുണയുള്ള സായുധസംഘടന ഹൂതികള്‍ അവകാശപ്പെട്ടു. സൗദിയിലെ നിര്‍ണായകകേന്ദ്രത്തിനുനേരേ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ടുള്ള പ്രസ്‌താവന സാമൂഹികമാധ്യമമായ ടെലിഗ്രാമിലൂടെയാണ് ഹൂതികള്‍ പുറത്തുവിട്ടത്.
േ്രഡാണുകള്‍ ഉപയോഗിച്ച് നജ്‌റാന്‍ വിമാനത്താവളത്തിലെ നിര്‍ണായകകേന്ദ്രം ആക്രമിച്ചതായി ഹൂതി സൈനിക വക്‌താവ് യഹ്യ സരീ പറഞ്ഞു. സാദ, ഹജ്‌ജ ഗവര്‍ണറേറ്റുകള്‍ക്ക് മുകളിലൂടെ ഡ്രോണുകള്‍ ഉപയോഗിച്ച് സൗദി നടത്തിയ വ്യോമാതിര്‍ത്തി ലംഘനത്തിന് മറുപടിയായാണ് നജ്‌റാനിലെ ഈ ആക്രമണമെന്നും യഹ്യ സരീ വ്യക്‌തമാക്കി. അതേസമയം, ആക്രമണത്തെക്കുറിച്ച് സൗദി പ്രതികരിച്ചിട്ടില്ല.
അന്തരിച്ച ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം ഹൂതി നേതാക്കള്‍ തിരികെ എത്തുന്നത് തടയാന്‍ യെമന്‍ തലസ്‌ഥാനമായ സനായിലെ വിമാനത്താവളത്തില്‍ സൗദി ആക്രമണം നടത്തിയെന്ന് ഹൂതികള്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൗദിഹൂതി സംഘര്‍ഷം രൂക്ഷമായത്. സൗദിയുടെ എണ്ണക്കമ്പനിയായ അരാംകോയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനങ്ങള്‍ക്കു നേരേ ഹൂതികള്‍ ആക്രമണം നടത്തി. ഇതേത്തുടര്‍ന്ന് ജിസാനിലെ എണ്ണയുല്‍പ്പാദന പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നത് സൗദിക്കു വന്‍ തിരിച്ചടിയായി.
സൗദിയുമായി ബന്ധമുള്ള വാണിജ്യ കപ്പലുകള്‍ ബാബ് അല്‍മന്ദെബ് കടലിടുക്കിലൂടെ കടന്നുപോകുന്നത് തടയുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചതോടെ സ്‌ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായി. ഹോര്‍മുസ് ഉപരോധത്തിന്റെ പശ്‌ചാത്തലത്തില്‍ സൗദിയുടെ എണ്ണ കയറ്റുമതിക്ക് ഈ കടലിടുക്ക് ഏറെ നിര്‍ണായകമാണ്. തങ്ങളുടെ വിലക്ക് ലംഘിച്ച സൗദി എണ്ണ ടാങ്കര്‍ എന്‍.സി.സി. ഖസല്‍ ആക്രമിച്ചതായും ഹൂതി വക്‌താവ് യഹ്യ സരീ പറഞ്ഞു. ചെങ്കടലില്‍ എന്‍സെലിയ, ലൈല എന്നീ സൗദി എണ്ണ ടാങ്കറുകള്‍ക്കു നേരേ ഹൂതികള്‍ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ടതിനു പിന്നാലെയാണ് ഈ സംഭവം. തുടര്‍ന്ന് ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം ശക്‌തമാക്കിയ സൗദി, കപ്പല്‍ ഗതാഗതപാതകളുടെ സുരക്ഷയ്‌ക്കായി സമുദ്രസഖ്യം രൂപീകരിക്കുകയും ചെയ്‌തിരുന്നു.



Comments