
ടെഹ്‌റാന്‍: യു.എസുമായുള്ള യുദ്ധം ആറാംമാസത്തിലേക്കു കടന്നതോടെ ഇറാന്‍ ജനത കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍. സ്വന്തം മുടി മുതല്‍ പെര്‍ഫ്യൂം കുപ്പികള്‍വരെ, കൈയില്‍ കിട്ടുന്നതെന്തും വിറ്റോ വാടകയ്‌ക്കു കൊടുത്തോ ജീവിക്കാന്‍ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പലരും. യുദ്ധത്തേത്തുടര്‍ന്ന് രാജ്യത്ത് ഒരു 'അതിജീവന സമ്പദ്‌വ്യവസ്‌ഥ' തന്നെ രൂപപ്പെട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി 'ഇല്‍ന' റിപ്പോര്‍ട്ട് ചെയ്‌തു.
സാധാരണ സമയത്ത് യാതൊരു പ്രയോജനവുമില്ലാത്തതെന്നു കരുതിയിരുന്നതൊക്കെ വരുമാനമാര്‍ഗമാക്കുകയാണ് മിക്ക കുടുംബങ്ങളും. മുടി വില്‍പ്പനയാണ് അതിലൊന്ന്. ഉപയോഗിച്ച വസ്‌ത്രങ്ങള്‍, ചെരിപ്പുകള്‍, പെര്‍ഫ്യൂം കുപ്പികള്‍ എന്നിവയൊക്കെ ഓണ്‍ലൈനില്‍ വില്‍പ്പനയ്‌ക്കുവച്ചവരുണ്ട്. ചിലര്‍ ലാപ്‌ടോപ്പുകള്‍ മണിക്കൂര്‍ കണക്കില്‍ വാടകയ്‌ക്കു കൊടുക്കുന്നു.
വിലക്കയറ്റം രൂക്ഷമായതോടെയാണ് ഓരോ റിയാലും ഇറാന്‍കാരെ സംബന്ധിച്ച് പ്രധാനമായി മാറിയത്. അതിനായി കൈയില്‍ കിട്ടുന്നതെന്തും വില്‍ക്കുകയാണ്. മുടിയുടെ നീളം,നിറം, ഗുണം എന്നിവയുടെ അടിസ്‌ഥാനത്തില്‍ ആയിരക്കണക്കിനു റിയാലാണ് പലരും ആവശ്യപ്പെടുന്നത്. ലാപ്‌ടോപ്പുകള്‍ ആഡംബരമായി മാറിയതോടെയാണ് വാടകയ്‌ക്കു നല്‍കിത്തുടങ്ങിയത്. ജോലി ആവശ്യത്തിനും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനുമൊക്കെയായി അല്‍പ്പനേരത്തേക്കു മാത്രമാണ് പലരും ലാപ്‌ടോപ്പ് ഉപയോഗിക്കുന്നത്. കഴിഞ്ഞമാസം ഒടുവില്‍ വിലക്കയറ്റത്തോത് 66 ശതമാനത്തിലെത്തി. ഭക്ഷണസാധനങ്ങളുടെ വില മാനംമുട്ടി. ജനങ്ങളുടെ വാങ്ങല്‍ശേഷി ക്രമാതീതമായി താഴ്‌ന്നു. നിത്യച്ചെലവുകള്‍ ദുസഹമായതോടെ മരുന്നും ഭക്ഷണസാമഗ്രികളും വരെ തവണവ്യവസ്‌ഥയില്‍ വാങ്ങാന്‍ പലരും നിര്‍ബന്ധിതരാകുന്നു.


Comments