വാഷിങ്‌ടണ്‍: ഇന്ത്യയുള്‍പ്പെടെയുള്ള 60 വ്യാപാര പങ്കാളികള്‍ക്കുമേല്‍ പുതിയ തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരേ 25 യു.എസ്. സംസ്‌ഥാനങ്ങള്‍ സുപ്രീംകോടതിയില്‍. ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന സംസ്‌ഥാനങ്ങളാണ് ട്രംപിനെതിരേ നിയമപോരാട്ടം തുടങ്ങിയത്.
10 മുതല്‍ 12.5 ശതമാനം വരെയാണ് പുതിയ തീരുവ ചുമത്തിയിരിക്കുന്നത്. തീരുവകള്‍ തടയുക, അവ നിയമവിരുദ്ധമായി പ്രഖ്യാപിക്കുക, ഇതിനകം ഈടാക്കിയ തീരുവകള്‍ തിരികെ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്‌ഥാനങ്ങള്‍ യു.എസ്. സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി റദ്ദാക്കിയ തീരുവകള്‍ മറ്റു നിയമങ്ങളുടെ മറപിടിച്ച് വീണ്ടും നടപ്പാക്കാനാണ് ശ്രമമെന്ന് ഈ സംസ്‌ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം 59 രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനുമെതിരേ ചുമത്തിയ തീരുവകള്‍ യു.എസിന്റെ മൊത്തം ഇറക്കുമതിയുടെ 99.4 ശതമാനവും ഉള്‍ക്കൊള്ളുന്നുണ്ടെന്നാണ് സംസ്‌ഥാനങ്ങള്‍ വ്യക്‌തമാക്കുന്നത്. നിര്‍ബന്ധിത തൊഴില്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഇറക്കുമതി തടയാന്‍ രാജ്യങ്ങള്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ട്രംപ് ഭരണകൂടം താരിഫ് ചുമത്തിയതിനു കാരണമായി വാദിക്കുന്നത്.പുതിയ തീരുവകളിലൂടെ വ്യവസായങ്ങള്‍ക്കും സാധാരണക്കാര്‍ക്കും മേല്‍ നിയമവിരുദ്ധമായി നികുതി വര്‍ധിപ്പിക്കാനാണ് ഭരണകൂടം വീണ്ടും ശ്രമിക്കുന്നതെന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് പറഞ്ഞു. തങ്ങള്‍ക്ക് തോന്നുന്ന ഏതു രാജ്യങ്ങളുടെ മേലും വ്യാപകമായ തീരുവ ചുമത്താന്‍ യു.എസ്. പ്രസിഡന്റിന് അധികാരമില്ലെന്നും ലെറ്റീഷ്യ ജെയിംസ് പറഞ്ഞു. ന്യൂയോര്‍ക്ക്, കലിഫോര്‍ണിയ, ഇല്ലിനോയ്, മസാച്യുസെറ്റ്‌സ്, വാഷിങ്‌ടണ്‍, വിസ്‌കോണ്‍സിന്‍ എന്നിവയുള്‍പ്പെടെയുള്ള 25 സംസ്‌ഥാനങ്ങളും കെന്റകി, പെന്‍സില്‍വാനിയ എന്നീ സംസ്‌ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമാണ് കേസില്‍ കക്ഷി ചേര്‍ന്നത്. 'നിര്‍ബന്ധിത തൊഴില്‍'എന്ന മറ ഉപയോഗിച്ച് ട്രംപ് യു.എസിലെ സാധാരണക്കാരുടെയും വ്യവസായികളുടെയും മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നും പലചരക്ക് സാധനങ്ങള്‍, വീട്ടുപയോഗ സാധനങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ എന്നിവയുടെയൊക്കെ വില ക്രമാതീതമായി വര്‍ധിച്ചുവെന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചില്‍ ആരോപിച്ചു. അതേസമയം, അമേരിക്കയിലെ തൊഴിലാളികളെയും വ്യാപാരമേഖലയെയും സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് വൈറ്റ്‌ഹൗസ് വ്യക്‌തമാക്കി.



Comments