ദുബായ്: ജെബല്‍ അലി വ്യവസായമേഖലയില്‍ കഴിഞ്ഞദിവസം രാത്രിയുണ്ടായ സ്ഫോടനങ്ങള്‍ വര്‍ക്ഷോപ്പിലെ അപകടംമൂലമാണെന്നു സ്ഥിരീകരിച്ച് ദുബായ് സിവില്‍ ഡിഫന്‍സ്. ചൊാഴ്ച രാത്രിയാണ് ദുബായിയെ നടുക്കി ജെബല്‍ അലിയില്‍ വന്സ്ഫോടനങ്ങളുണ്ടായത്.
ഇറാന്‍അമേരിക്ക യുദ്ധം രൂക്ഷമായ സാഹചര്യത്തിലുണ്ടായ സ്ഫോടനങ്ങള്‍ പരിഭ്രാന്തി പരത്തി. 20 മിനിട്ടിനിടെ ഏഴു സ്ഫോടനങ്ങളാണ് ജെബല്‍ അലിയിലുണ്ടായത്. ആകാശത്തേക്ക് വലിയതോതില്‍ പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യെമനില്‍നിന്ന് ഹൂതികള്‍ തൊടുത്തുവിട്ട മിസൈലാണ് ദുബായിയില്‍ പതിച്ചതെന്നു ചില ഇറാഖി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം രംഗത്തെത്തിയത്.
ജെബല്‍ അലി മേഖലയിലുണ്ടായ തീപിടിത്തവും സ്ഫോടനങ്ങളും മേഖലയിലെ വര്‍ക്ഷോപ്പിലുണ്ടായ അപകടം മൂലമാണെന്ന് സ്ഥിരീകരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. വര്‍ക്ഷോപ്പിലെ അപകടത്തില്നിന്നുണ്ടായ തീ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി ട്രക്കുകളിലേക്കും കാരവാനുകളിലേക്കും പടരുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. അഗ്നിശമനവിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ കാരണവും നാശനഷ്ടത്തിന്റെ വിശദാംശങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.




Comments