ടെഹ്റാന്: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുമായി ബന്ധപ്പെടുകയെന്നത് 'അതീവദുഷ്കര'മാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്. യു.എസ്, ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മുജ്തബയുമായി അഭിപ്രായഭിന്നത രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പെസെഷ്കിയാന്റെ പ്രതികരണം.
ആക്രമണത്തിനുശേഷം മുജ്തബ ഒരു പൊതുപരിപാടിയിലും പങ്കെടുത്തിരുന്നില്ല. യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പിതാവും ഇറാന്റെ മുന്‍ പരമോന്നത നേതാവുമായി ആയത്തുല്ല അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകളില്പ്പോലും മുജ്തബ പങ്കെടുത്തിരുന്നില്ല. അതേസമയം, പൊതുമധ്യത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണെങ്കിലും യു.എസിനെതിരേയുള്ള ഇറാന്റെ ചെറുത്തുനില്‍പ്പില്‍ മുജ്തബ സുപ്രധാന പങ്കുവഹിക്കുന്നത് തുടരുന്നുണ്ടെന്നും പെസെഷ്കിയാന് കൂട്ടിച്ചേര്‍ത്തു.
''ഇപ്പോള്‍ അദ്ദേഹവുമായി ആശയവിനിമയം നടത്തുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാലും അദ്ദേഹത്തിന്റെ സാന്നിധ്യം ചെറുത്തുനില്ക്കാനുള്ള ഞങ്ങളുടെ പ്രചോദനമാണ്'' പെസെഷ്കിയാന് പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ടു ചെയ്തു. മുജ്തബ താനുമായി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം യുക്തിപരമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും പെസെഷ്കിയാന് പറഞ്ഞു. ദൗര്‍ഭാഗ്യവശാല്‍, നിലവിലെ സാഹചര്യത്തില്‍, വിദ്വേഷമുള്ള ചിലര്‍ അദ്ദേഹത്തെക്കുറിച്ച് മോശം പ്രതിച്ഛായയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും പെസെഷ്കിയാന് കൂട്ടിച്ചേര്‍ത്തു.
മുജ്തബ ഖമനേയി പ്രസിഡന്റിനെ തള്ളിയെന്നും യുദ്ധവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോറിന്റെ (ഐ.ആര്.ജി.സി) കമാന്‍ഡര്‍ അഹമ്മദ് വാഹിദിക്ക് ചുമതല നല്‍കിയെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.




Comments