ടൊറന്റോ: ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 3,323 ഇന്ത്യന്‍ പൗരന്മാരെ കാനഡയില്‍നിന്ന് നാടുകടത്തി. ഈ കാലയളവില്‍ അമേരിക്കയില്‍നിന്നു നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണത്തേക്കാള്‍ രണ്ടരയിരട്ടിയിലധികമാണിത്.
കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (സി.ബി.എസ്.എ) യുടെ പുതിയ കണക്കുകളിലൂടെയാണ് ആശങ്കാജനകമായ ഈ വിവരം പുറത്തുവന്നത്.
കാനഡയില്‍നിന്നു നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം റെക്കോഡിലേക്കു കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ആകെ 3,779 ഇന്ത്യക്കാരാണ് ഇവിടെനിന്നു നാടുകടത്തപ്പെട്ടത്.
എന്നാല്‍ ഈ വര്‍ഷത്തിന്റെ ആദ്യത്തെ ആറു മാസത്തിനുള്ളില്‍ത്തന്നെ 3,323 പേര് പുറത്താക്കപ്പെട്ടു. ഇത് മുന്‍വര്‍ഷത്തെ ആകെ എണ്ണത്തിന്റെ 88 ശതമാനത്തോളം വരും. വര്‍ഷത്തിന്റെ അടുത്ത പകുതികൂടി പിന്നിടുമ്പോള്‍ സ്ഥിതിയെന്താകുമെന്നാണ് പൊതുവേയുള്ള ആശങ്ക. കഴിഞ്ഞവര്‍ഷവും അമേരിക്ക നാടുകടത്തിയതിനേക്കാള് കൂടുതല്‍ ഇന്ത്യക്കാരെ കാനഡയാണു പുറത്താക്കിയത്. ഇക്കൊല്ലം ജൂണ്‍വരെ കാനഡ 3,323 ഇന്ത്യക്കാരെ നാടുകടത്തിയപ്പോള്‍ ജൂലൈവരെ അമേരിക്ക നാടുകടത്തിയത് 1,273 പേരെയാണെന്ന് ഇതര കണക്കുകള്‍ വ്യക്തമാക്കുന്നു.
മുമ്പ് കാനഡയില്‍നിന്ന് ഏറ്റവും കൂടുതല്‍ നാടുകടത്തപ്പെട്ടിരുന്നത് മെക്സിക്കോ പൗരന്മാരാണ്. എന്നാല്‍ ഇതിനെ മറികടന്ന് ഇന്ത്യയിപ്പോള്‍ ഒന്നാമതെത്തിയിരിക്കുകയാണ്. 2020നുശേഷം ഇന്ത്യ ആദ്യമായാണ് പട്ടികയില്‍ ഒന്നാമതെത്തുന്നത്.
നിലവില്‍ നാടുകടത്തല്‍ നടപടി നേരിടുവരുന്നവരിലും കൂടുതല്‍ ഇന്ത്യക്കാരാണ്. ഈ പട്ടികയില്‍ 7,669 പേരുണ്ട്.
നാടുകടത്തലിനുള്ള കാരണങ്ങള്‍ വേര്‍തിരിച്ചു വ്യക്തമാക്കിയിട്ടില്ലെങ്കിലുംവര്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും സംഘടിത അക്രമങ്ങളും ഇതിനു പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. േ്രഗറ്റര്‍ ടൊറന്റോ ഏരിയ, ബ്രിട്ടീഷ് കൊളംബിയയിലെ സറേ, ആല്‍ബര്‍ട്ടയിലെ എഡ്മന്റണ്‍, കാല്‍ഗറി തുടങ്ങിയ മേഖലകളില്‍ നടക്കുന്ന പണംതട്ടലും അക്രമസംഭവങ്ങളും ഇതില്‍ പ്രധാനമാണ്.
ലോറന്‍സ് ബിഷ്ണോയി സംഘമുള്‍പ്പെടെ അധോലോക ക്രിമിനല്‍സംഘങ്ങള്‍ രാജ്യാന്തര വിദ്യാര്‍ഥിവിസ ദുരുപയോഗം ചെയ്യുന്നതായി കാനഡ ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡയറക്ടറേറ്റിന്റെ രേഖകളില്‍ പറയുന്നു.
സ്റ്റഡി പെര്‍മിറ്റിലും വര്‍ക്ക് പെര്മിറ്റിലുമെത്തുന്ന ചില ഇന്ത്യക്കാര്‍ ഇത്തരം സംഘടിത കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതായി അന്വേഷണ ഏജന്‍സികളും വ്യക്തമാക്കുന്നു. 201923 കാലത്ത് സ്റ്റഡി പെര്‍മിറ്റിലുള്ള 4,000 ഇന്ത്യന്‍ വിദ്യാര്ഥികള്ക്കെതിരേ 17,929 കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടു. 2024 ല്‍ 13,040 ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു.




Comments