
വാഷിങ്‌ടണ്‍: ഇറാന്‍ യുദ്ധം നീണ്ടതോടെ പ്രധാന മിസൈല്‍ പ്രതിരോധ സംവിധാനത്തിനായുള്ള യു.എസ്. ഇന്റര്‍സെപ്‌ടറുകളുടെ ശേഖരത്തില്‍ അപകടകരമാംവിധം കുറവു വന്നതായി റിപ്പോര്‍ട്ട്. യുദ്ധത്തിനു മുമ്പുള്ള കണക്കുകള്‍ വച്ചു നോക്കുമ്പോള്‍, താഡ് ആന്റിബാലിസ്‌റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തിനായുള്ള ഇന്റര്‍സെപ്‌റ്ററുകളില്‍ 80 ശതമാനവും ഉപയോഗിച്ചുകഴിഞ്ഞു. പാട്രിയറ്റ് ഇന്റര്‍സെപ്‌റ്ററുകളില്‍ 50 ശതമാനവും യു.എസ് സൈന്യം തീര്‍ത്തെന്നും സി.എന്‍.എന്‍. റിപ്പോര്‍ട്ട്. ഏപ്രിലില്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ യു.എസ് സൈന്യം അവരുടെ ടോമാഹോക്കുകളുടെ ഏകദേശം 30 ശതമാനം ഉപയോഗിച്ചിരുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.വാരാന്ത്യത്തില്‍ ഇറാനെതിരേ ആസൂത്രണം ചെയ്‌ത സുപ്രധാന ആക്രമണം മാറ്റിവയ്‌ക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഉപദേശകര്‍ നിര്‍ബന്ധിതരാക്കിയത് മിസൈലുകളുടെ കുറവ് ചൂണ്ടിക്കാട്ടിയാണെന്നാണ് സി.എന്‍.എന്‍. വാര്‍ത്ത. എന്നാല്‍, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സമ്മര്‍ദം കാരണമാണ് ട്രംപ് ആക്രമണം നിര്‍ത്തിവച്ചതെന്ന് വൈറ്റ് ഹൗസ് പറയുന്നു.
ഇറാന്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് യു.എസ് സേനയുടെ ശേഖരത്തില്‍ ഏകദേശം 2,200 പാട്രിയറ്റുകളും 452 താഡ് മിസൈലുകളും ഉണ്ടായിരുന്നെന്നാണ് സെന്റര്‍ ഫോര്‍ സ്ര്‌ടാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്‌റ്റഡീസിന്റെ കണക്ക്. യുദ്ധവേളയില്‍ യു.എസ് കൃത്യതയാര്‍ന്ന ദീര്‍ഘദൂര മിസൈലുകളെല്ലാം (കരയില്‍നിന്ന് ആകാശത്തേക്കു വിക്ഷേപിക്കുന്നവ)ഉപയോഗിച്ചിട്ടുണ്ടെന്നാണ് സി.എന്‍.എന്‍ വാര്‍ത്ത. ഇത്തരത്തിലുള്ള വാര്‍ത്ത റോയിട്ടേഴ്‌സും പുറത്തുവിട്ടിട്ടുണ്ട്. വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കുറവ് ഇറാന്റെ പ്രഹരം നേരിടുന്നതില്‍ തിരിച്ചടിയാകുമെന്ന് ഗള്‍ഫ് സഖ്യകക്ഷികള്‍ സി.എന്‍.എന്നിനോട് പറഞ്ഞു.
യു.എസ് സൈനിക താവളങ്ങളുള്ള മിക്ക പശ്‌ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കും ആശ്രയം യു.എസ് വ്യോമപ്രതിരോധ സംവിധാനങ്ങളാണ്. പോരാത്തതിന്, ഇറാന്റെ നിര്‍ണായക അടിസ്‌ഥാന സൗകര്യങ്ങള്‍ക്കും ഊര്‍ജ്‌ജകേന്ദ്രങ്ങള്‍ക്കും നേരേ ആക്രമണം നടത്തുന്നത് വിപരീത ഫലങ്ങള്‍ സൃഷ്‌ടിക്കുമെന്ന ഇന്റലിജന്‍സ് റി.േപ്പാര്‍ട്ടുകളും ഗള്‍ഫ് രാജ്യങ്ങളുടെ ആശങ്കകളും ഉപദേശകര്‍ ട്രംപിനെ ധരിപ്പിച്ചെന്നാണ് വാര്‍ത്തകള്‍. ഇതാണ് വാരന്ത്യത്തിലേക്ക് ആസൂത്രണം ചെയ്‌ത സൈനിക നടപടിയില്‍ നിന്നു പിന്‍വാങ്ങാന്‍ യു.എസിനെ പ്രേരിപ്പിച്ചതെന്നും ചില വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. അതേസമയം, ആയുധക്ഷാമം സംബന്ധിച്ച റിപ്പോര്‍ട്ട് വൈറ്റ് ഹൗസ് നിഷേധിച്ചു. യുഎസ് സൈന്യത്തിന് പ്രസിഡന്റ് ട്രംപിന്റെ എല്ലാ തന്ത്രപരമായ ലക്ഷ്യങ്ങളും അതിനപ്പുറവും നിറവേറ്റാനുള്ള യുദ്ധോപകരണങ്ങളും വെടിക്കോപ്പുകളും സ്‌റ്റോക്കുണ്ടെന്ന് വൈറ്റ് ഹൗസ് വക്‌താവ് അന്ന കെല്ലി സി.എന്‍.എന്നിനോട് പറഞ്ഞു. ഫോട്ടോ/യു.എസ് യു.എസിന്റെ താഡ് മിസൈല്‍ സിസ്‌റ്റം.



Comments