കമ്പാല: മോഷണശ്രമം തടയുന്നതിനിടെ മര്‍ദനമേറ്റ് ഉഗാണ്ട ഫുട്‌ബോള്‍ താരത്തിനു ദാരുണാന്ത്യം. ഡേവിഡ് ഒവോറി (27) യാണു തലസ്‌ഥാനമായ കമ്പാലയിലെ വീടിനു സമീപം മര്‍ദനത്തില്‍ പരുക്കേറ്റു മരിച്ചത്. മൊബൈല്‍ ഫോണും മറ്റ് സാധനങ്ങളും തട്ടിയെടുക്കാനുള്ള ശ്രമം ചെറുത്തതിനെ തുടര്‍ന്നാണ് ഒവോറിക്ക് മാരക മര്‍ദനമേറ്റത്. ചൊവ്വാഴ്‌ച രാത്രി താരത്തെ കല്ലുകള്‍ ഉപയോഗിച്ച് ആക്രമിച്ച ശേഷം സാധനങ്ങള്‍ കവര്‍ന്ന് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയ ഒവോറിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്‌ച മരിച്ചു. കമ്പാലയില്‍ത്തന്നെ റഗ്‌ബി രാജ്യാന്തര താരം സിഡ്‌നി ഗോംഗോഡിയോ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെയാണു പുതിയ സംഭവം.
ഉഗാണ്ട പ്രീമിയര്‍ ലീഗില്‍ സ്‌പോര്‍ട്‌സ്ക്ല ബ് (എസ്.സി) വില്ലയുടെ ക്യാപ്‌റ്റനായിരുന്നു ഒവോറി. റൈറ്റ് ബാക്കായും മിഡ്‌ഫീല്‍ഡറായും തിളങ്ങിയ താരമാണ്. ഉഗാണ്ടന്‍ ദേശീയ ടീമിലും കളിച്ചിട്ടുണ്ട്.
യൂറോപ്പിലെ ക്ലബുകളില്‍ കളിച്ചശേഷം 2023-ലാണ് എസ്.സി. വില്ലയിലേക്ക് ഒവോറി തിരിച്ചെത്തിയത്. 20 വര്‍ഷത്തിനിടയിലെ ടീമിന്റെ ആദ്യ ലീഗ് കിരീടത്തിലേക്ക്‌ക്ല ബിനെ നയിക്കാന്‍ ഒവോറിയുടെ പ്രകടനവും നിര്‍ണായകമായി. 2027 വരെ ക്ലബുമായി കരാറുണ്ടായിരുന്നു.
2021-ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് യോഗ്യതാ മത്സരങ്ങളില്‍ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.




Comments