
വാഷിങ്‌ടണ്‍: യു.എസ്-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പിതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവായി സ്‌ഥാനമേറ്റ മുജ്‌തബ ഖമനേയിയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ ശക്‌തമാകുന്നു. ഫെബ്രുവരി 28 ന് അലി ഖമനേയിയും കുടുംബവും കൊല്ലപ്പെട്ട ആക്രമണത്തില്‍ മുജ്‌തബയ്‌ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. പരമോന്നത സ്‌ഥാനത്തെത്തി മാസങ്ങള്‍ പിന്നിട്ടിട്ടും ഇദ്ദേഹം ഇതുവരെ ഒരു പൊതുപരിപാടിയിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതേത്തുടര്‍ന്ന് മുജ്‌തബയുടെ ആരോഗ്യസ്‌ഥിതിയെക്കുറിച്ചും നിലവിലെ ഭരണസംവിധാനങ്ങളെക്കുറിച്ചും രാജ്യാന്തര തലത്തിലും ഇറാനിലും കടുത്ത അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.
അധികാരമേറ്റശേഷം ഒറ്റത്തവണ പോലും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത അദ്ദേഹം ഇതിനകം നിരവധി രേഖാമൂലമുള്ള സന്ദേശങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.
ഇസ്ലാമിക് റിപ്പബ്ലിക്കിനെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ അമേരിക്കയ്‌ക്ക് "മറക്കാനാവാത്ത പാഠങ്ങള്‍" നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒപ്പിന് യാതൊരു വിലയുമില്ലെന്നും വ്യക്‌തമാക്കിക്കൊണ്ടുള്ള രേഖാമൂലമുള്ള പ്രസ്‌താവനയാണ് ഒടുവിലായി പുറത്തുവന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ സൈനികഅടിസ്‌ഥാന സൗകര്യ മേഖലകളില്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ, യു.എസുമായുള്ള ഇടക്കാല കരാറില്‍നിന്നുള്ള പിന്മാറ്റവും ഇറാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
എന്നാല്‍, കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, മുജ്‌തബ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ സ്വതന്ത്രമായ ഔദ്യോഗിക സ്‌ഥിരീകരണമൊന്നുമില്ല. ആക്രമണത്തില്‍ അദ്ദേഹത്തിന് കടുത്ത പരുക്കേല്‍ക്കുകയോ വികൃതമാക്കപ്പെടുകയോ ചെയ്‌തിട്ടുണ്ടെന്നും, ഇതിനാലാണ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വരാതെ സുഖം പ്രാപിക്കാന്‍ ഒളിവില്‍ കഴിയുന്നതെന്നുമാണ് ഇറാനിയന്‍ ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ചുള്ള വിലയിരുത്തലുകള്‍. ഇസ്രേലി മാധ്യമമായ ചാനല്‍ 14 ഉള്‍പ്പെടെയുള്ള വൃത്തങ്ങള്‍ പുറത്തുവിട്ട വിവരമനുസരിച്ച് അദ്ദേഹം അത്യാസന്ന നിലയിലാണ്. കൂടാതെ, മുജ്‌തബ നിലവില്‍ ഇറാനില്‍ പോലുമില്ലെന്നും ഐ.ആര്‍.ജി.സി ഉദ്യോഗസ്‌ഥരാണ് അദ്ദേഹത്തിന്റെ പേരില്‍ സന്ദേശങ്ങള്‍ തയാറാക്കുന്നതെന്നും അല്‍ഹദത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്റെ പുതിയ നേതൃത്വത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇറാന്‍ പ്രസിഡന്റ് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും രംഗത്തെത്തിയിരുന്നു. ഇറാനിലെ രഹസ്യകേന്ദ്രത്തില്‍വച്ച്, കറുപ്പിച്ച ജനാലകളുള്ള ഒരു വാഹനത്തിനുള്ളില്‍ ഇരുന്ന് മുജ്‌തബ ഖമനേയിയുമായി താന്‍ സംസാരിച്ചുവെന്നാണ് പെസഷ്‌കിയാന്‍ വ്യക്‌തമാക്കുന്നത്. എന്നാല്‍, പരസ്‌പരം കാണാനോ കൈകൊടുക്കാനോ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ അനുവദിച്ചില്ലെന്നും കേവലം ശബ്‌ദത്തിലൂടെ മാത്രമാണ് സംഭാഷണം നടന്നതെന്നും അദ്ദേഹം പറയുന്നു. ഇരുട്ടില്‍ താന്‍ കേട്ട ശബ്‌ദം യഥാര്‍ഥത്തില്‍ പുതിയ പരമോന്നത നേതാവിന്റേത് തന്നെയാണോ എന്ന് പെസഷ്‌കിയാന്‍ പിന്നീട് സംശയം പ്രകടിപ്പിച്ചതായി ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്‌തു.
കൂടാതെ പരമോന്നത നേതാവുമായി നേരിട്ട് ബന്ധപ്പെടുക നിലവില്‍ അങ്ങേയറ്റം പ്രയാസകരമാണെന്നും അദ്ദേഹം സമ്മതിച്ചിരുന്നു.
നേതാവിന്റെ ദീര്‍ഘകാലമായുള്ള അപ്രത്യക്ഷത രാജ്യത്തെ രാഷ്‌ട്രീയ അന്തരീക്ഷത്തിലും വലിയ മാറ്റങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. നിലവില്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍, മുഖ്യ ചര്‍ച്ചക്കാരനായ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി എന്നിവരാണ് ഇറാന്റെ നയതന്ത്രയുദ്ധാനന്തര തീരുമാനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഔദ്യോഗിക ഭരണകൂട സ്‌ഥാപനങ്ങളുടെ സ്വാധീനം വര്‍ധിക്കുന്നത് കര്‍ക്കശക്കാരായ മറ്റ് വിപ്ലവ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിനും ആഭ്യന്തര പിരിമുറുക്കങ്ങള്‍ക്കും കാരണമായിട്ടുണ്ട്.





Comments