തിരുവനന്തപുരം: ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ബജറ്റുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചത് ഗൗരവതരമാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. സംഭവത്തില്‍ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റിയെന്നും മന്ത്രി അറിയിച്ചു. അതേസമയം പ്രതിപക്ഷത്തിന്റെ പ്രതിഷേധം രാഷ്ട്രീയം മുന്‍ നിര്‍ത്തിയാണെന്ന് ഐസക്ക് പറഞ്ഞു. ഇത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. മനോജ് കുമാര്‍ കെയെയാണ് മാറ്റിയത്. വിഷയം പരിശോധിക്കുമെന്ന് സി.പി.എം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഇമെയില്‍ മനോജ് തന്റെ മാധ്യമ സുഹൃത്തുക്കള്‍ക്ക് അയച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന മനോജ് ഡെപ്യൂട്ടേഷനിലാണ് ധനമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെത്തിയത്.
അതിനിടെ പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കക്ഷി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. ഗവര്‍ണര്‍ക്ക് നല്കിയ പരാതി അദ്ദേഹം പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ കെ.എം മാണിയും ഗവര്‍ണര്‍ക്ക് പരാതി നല്കി.






