
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കാറിനുനേരെ ആക്രമണം. പോലീസ് കസ്‌റ്റഡിയില്‍ മരിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലായിരുന്നു സംഭവം. ഒരു കൂട്ടം ആളുകള്‍ മമതയുടെ വാഹനം വളഞ്ഞ് പ്രതിഷേധം നടത്തുകയും വാഹനത്തില്‍ ചെളിപുരട്ടുകയും വാഹനവ്യൂഹത്തിനുനേരെ വെള്ളക്കുപ്പികളും ചെരിപ്പുകളും എറിയുകയും ചെയ്‌തു. എം.പിമാരായ കല്യാണ്‍ ബാനര്‍ജി, സോല സെന്‍ എന്നിവരും മമതയ്‌ക്കൊപ്പമുണ്ടായിരുന്നു. 'കള്ളി, കള്ളി' എന്ന് വിളിച്ചായിരുന്നു ആളുകളുടെ പ്രതിഷേധം. കാറിന്റെ ഗ്ലാസ് തുറന്നിരുന്നെങ്കില്‍ തല പൊട്ടുമായിരുന്നുവെന്നും തലനാരിഴയ്‌ക്കാണ് താന്‍ രക്ഷപ്പെട്ടതെന്നും മമത പറഞ്ഞു. ഇതുവരെ ഇത്തരമൊരു ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പോലീസിനെതിരേയും മമത ആരോപണമുന്നയിച്ചു. തങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കിയില്ലെന്നും ബി.ജെ.പിക്ക് മാത്രമാണ് പോലീസ് സംരക്ഷണം നല്‍കുന്നതെന്നും അവര്‍ ആരോപിച്ചു. സ്‌ഥലത്ത് സന്ദര്‍ശനം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. ഗൂഢാലോചനയുടെ ഫലമായാണ് ആക്രമണം ഉണ്ടായതെന്നും മമത പറഞ്ഞു. സംഭവത്തെ ബി.ജെ.പി. സംസ്‌ഥാന നേതൃത്വം അപലപിച്ചു. ഇത് പൊതുജനവും ടി.എം.സിയും തമ്മിലുള്ള പ്രശ്‌നമാണ്. സംഭവത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്നും അക്രമികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ പ്രതികരിച്ചു.







Comments