അസാന്: കൊറിയ മാസ്റ്റേഴ്സ് സൂപ്പര്‍ 330 ബാഡ്മിന്റണില്‍ ഇന്ത്യയുടെ അഷ്മിത ചാലിഹയ്ക്ക് കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനയുടെ ഹാന്‍ ക്വിയാന് സിയെയാണ് അഷ്മിത തോല്‍പ്പിച്ചത്. സ്കോര്‍: 14-21, 21-14, 21-14. മത്സരം 53 മിനിറ്റ് നീണ്ടു. ഈ വര്‍ഷം ബി.ഡബ്ല്യു.എഫ്. വേള്‍ഡ് ടൂര്‍ സൂപ്പര്‍ 300 കിരീടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ്. ദേവിക സിഹാഗ് ഫെബ്രുവരിയില്‍ നടന്ന തായ്ലന്ഡ് മാസ്റ്റേഴ്സിലും തന്വി ശര്‍മ കഴിഞ്ഞയാഴ്ച നടന്ന ചൈനീസ് തായ്പേയ് ഓപ്പണിലും ജേതാവായിരുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ സൈന നെഹ്വാള്, മുന്‍ ലോക ചാമ്പ്യന്‍ പി.വി. സിന്ധു എന്നിവരും വേള്‍ഡ് ടൂര്‍ സൂപ്പര്‍ 300 കിരീടം നേടിയവരാണ്. അസമിലെ ഗുവാഹാത്തി സ്വദേശിയാണ് 26 വയസുകാരിയായ അഷ്മിത.
തന്വി ശര്‍മയും അഷ്മിതയും ഗുവാഹാത്തിയിലെ നാഷണല്‍ സെന്റര്‍ ഓഫ് എക്സലന്സിലാണു പരിശീലിക്കുന്നത്. ഹാന്‍ ക്വിയാനെതിരേ അഷ്മിതയ്ക്ക് ഒന്നാം ഗെയിം നഷ്ടമായിരുന്നു. രണ്ടാം ഗെയിം അതേ സ്കോറിനു പിടിച്ചെടുത്ത് ഇന്ത്യന്‍ താരം തിരിച്ചു വന്നു. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ അഷ്മിത 11-9 നു പിന്നിലായിരുന്നു. പരുക്ക് മൂലം മൂന്ന് മാസം പുറത്തിരുന്ന ശേഷമാണ് അഷ്മിത റാക്കറ്റെടുത്തത്. ചൈനാ മാസ്റ്റേഴ്സിലും മലേഷ്യ മാസ്റ്റേഴ്സിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ചു. ജൂണില്‍ നടന്ന മകാവു ഓപ്പണ്‍ സെമി ഫൈനലില്‍ കളിച്ചതായിരുന്നു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ദക്ഷിണ കൊറിയയുടെ പാര്‍ക് ഗാ ഇയുനോടാണു തോറ്റത്. കൊറിയ മാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടറില്‍ ജപ്പാന്റെ ടോപ് സീഡ് ഹിന അകെചിയെയും സെമിയില്‍ ഇന്ത്യയുടെ തന്നെ രക്ഷിത ശ്രീ സന്തോഷ് രാംരാജിനെയുമാണ് അഷ്മിത തോല്‍പ്പിച്ചത്. ലോക റാങ്കിങ്ങില്‍ 50 -ാം സ്ഥാനക്കാരിയാണ് അഷ്മിത. കൊറിയ മാസ്റ്റേഴ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്. കിരീട നേട്ടത്തോടെ താരം ലോക റാങ്കിങ്ങില്‍ മുന്നേറും. കിരീടം നേട്ടം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ആദ്യ പ്രതികരണം.







Comments