തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിലേക്കെത്തുമ്പോള്‍ മികച്ച പ്രകടനങ്ങളിലൂടെ നിര്‍ണായക സാന്നിധ്യമാകാന്‍ പത്തനംതിട്ടക്കാര്. വിഷ്ണു വിനോദിനെപ്പോലുള്ള പരിചയ സമ്പന്നന് അടക്കം അഞ്ച് താരങ്ങളാണ് ഇത്തവണ പത്തനംതിട്ട ജില്ലയില്‍നിന്നു മൂന്നാം സീസണില്‍ കളിക്കുന്നത്്.
പ്രഥമ സീസണില്‍ തൃശൂര്‍ ടൈറ്റന്‍സിന് വേണ്ടിയും കഴിഞ്ഞ വര്‍ഷം കൊല്ലം സെയിലേഴ്സിനായും മിന്നും പ്രകടനം കാഴ്ചവെച്ച വിഷ്ണു വിനോദിനെ ഇത്തവണ 7.80 ലക്ഷം രൂപയ്ക്കാണ് ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കി. കഴിഞ്ഞ രണ്ട് സീസണുകളിലും ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്തിയ താരങ്ങളില്‍ ഒരാളാണ്. ആദ്യ സീസണില്‍ 438 റണ്ണുമായി മൂന്നാം സ്ഥാനത്തായിരുന്നു വിഷ്ണു. രണ്ടാം സീസണിലും ആദ്യ പത്തില്‍ ഇടംനേടി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്സിന്റെ താരമായ വിഷ്ണുവിന്റെ സാന്നിധ്യം റോയല്‍സിനെ സംബന്ധിച്ച് നിര്‍ണായകമാകും.
ജില്ലയില്‍ നിന്നുള്ള മറ്റൊരു വെടിക്കെട്ട് ബാറ്ററാണ് സുധീഷ് മോഹന്‍. എന്‍.എസ്.കെ. ട്രോഫിയില്‍ കാസര്ഗോഡിനെതിരേ 36 പന്തുകളില്‍ 87 റണ്ണെടുത്ത് സുധീഷ് ശ്രദ്ധേയനായി. സുധീഷിനെ 1.15 ലക്ഷം രൂപയ്ക്കാണ് ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയത്. ഇടംകൈയന്‍ പേസര്‍ മോനു കൃഷ്ണ ഏരീസ് കൊല്ലം സെയിലേഴ്സിന് വേണ്ടിയാണു പന്തെറിയുക. പ്രഥമ സീസണില്‍ തൃശൂരിനായി ഏഴ് മത്സരങ്ങളില്‍ നിന്നായി 11 വിക്കറ്റ് വീഴ്ത്തി. ജില്ലയില്‍ നിന്നുള്ള ആല്‍ഫി ഫ്രാന്‍സിസ് ജോണും കാര്‍ത്തിക് ബി. നായരും കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടിയാണ് ഇറങ്ങുക. ഓള്‍റൗണ്ടറായ ആല്‍ഫി കഴിഞ്ഞ സീസണില്‍ കൊച്ചിക്ക് വേണ്ടി തകര്‍പ്പന്‍ ഇന്നിങ്സുകള്‍ കാഴ്ചവച്ചു. ഒന്നരലക്ഷം രൂപയ്ക്കാണ് കൊച്ചി ആല്‍ഫിയെ നിലനിര്‍ത്തിയത്. രാജസ്ഥാന് റോയല്‍സിനൊപ്പം നാല് വര്‍ഷം നെറ്റ് ബൗളറായി പന്തെറിഞ്ഞ അനുഭവസമ്പത്തുമായാണ് കാര്‍ത്തിക് തന്റെ ആദ്യ സീസണിനെത്തുന്നത്. 2.70 ലക്ഷം രൂപ നല്‍കിയാണ് ഈ ഓള്‍റൗണ്ടറെ കൊച്ചി ടീമിലെത്തിച്ചത്.






Comments