
കൊളംബോ: ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാന്‍ തടി കുറച്ചരാണു കായിക പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം. ക്രിക്കറ്റിന് അനുയോജ്യമായ ശാരീരിക ക്ഷമതയില്ലെന്ന വിമര്‍ശം മറികടക്കാന്‍ ഒന്നര വര്‍ഷത്തിനിടെ 17 കിലോ ഭാരമാണ് സര്‍ഫറാസ് കുറച്ചത്. ഭാരക്കൂടുതലിന്റെ പേരില്‍ ഏറെ പഴികേട്ട താരങ്ങളിലൊരാളാണ്.
15 ന് തുടങ്ങുന്ന ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്‌റ്റ് പരമ്പരയ്‌ക്കുള്ള ടീമില്‍ സര്‍ഫറാസിനെ ഉള്‍പ്പെടുത്തിയതോടെയാണു വിഷയം സജീവമായത്. സായ് സുദര്‍ശന്‍ പരുക്കേറ്റു പുറത്തായതോടെയാണു സര്‍ഫറാസിന് ഇന്ത്യന്‍ ടീമിലേക്കുള്ള വിളി വന്നത്. കഠിനാധ്വാനവും നിശ്‌ചയദാര്‍ഢ്യവുമാണ് ഒരിക്കല്‍ കൂടി സര്‍ഫറാസിനെ ടെസ്‌റ്റ് ടീമിലെത്തിച്ചത്. ക്രിക്കറ്റ് ഫിറ്റ്‌നസാണ് ശരീര ഭാരത്തേക്കാള്‍ പ്രധാനമെന്ന് പറഞ്ഞു സര്‍ഫറാസിനെ ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍ അടക്കമുള്ളവര്‍ പിന്തുണച്ചിരുന്നു. രഞ്‌ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടും ശരീര ഭാരത്തിന്റെ പേരില്‍ താരത്തെ തഴഞ്ഞിരുന്നു. പുതിയ രൂപത്തിലൂടെയും പ്രകടനത്തിലൂടെയും സെലക്‌ടര്‍മാരുടെ വിശ്വാസം നേടിയെടുക്കാന്‍ സര്‍ഫറാസിനായി.
''ഒരുപക്ഷേ യോജിച്ചവനല്ലായിരിക്കാം, പക്ഷേ തന്റെ പക്കലുള്ളതെല്ലാം ഉപയോഗിച്ചു പോരാടും'' എന്ന് ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് സര്‍ഫറാസ് കുറിച്ചിരുന്നു. മുംബൈയില്‍ മഴ തടസമായപ്പോള്‍ കശ്‌മീരിലെ ഷേര്‍-ഇ-കശ്‌മീര്‍ സ്‌റ്റേഡിയത്തിലേക്കു പരിശീലനം മാറ്റി. മണിക്കൂറുകള്‍ പരിശീലനം നടത്തിയാണ് സര്‍ഫറാസ് മികവ് വീണ്ടെടുത്തത്. മുംബൈയില്‍ ചുവന്ന മണ്ണുള്ള പിച്ചുകള്‍ വാടകയ്‌ക്കെടുത്തും ആസ്‌ട്രോ ടര്‍ഫ് വിക്കറ്റുകളിലും സ്‌പിന്‍ ബൗളിങ്ങിനെ നേരിടാന്‍ താരം പ്രത്യേക പരിശീലനം നടത്തി.
സ്‌പിന്നര്‍മാര്‍ക്കെതിരേ മികച്ച സ്വീപ്, റിവേഴ്‌സ് സ്വീപ് ഷോട്ടുകള്‍ കളിക്കാനുള്ള മികവ് മെച്ചപ്പെടുത്തി. 2024 ല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിറംമങ്ങിയതിനെ തുടര്‍ന്ന് ടീമില്‍നിന്നു പുറത്തായി. ഇന്ത്യ എ ടീമിനായി ഇംഗ്ലണ്ടില്‍ 92 റണ്ണും സെഞ്ചുറിയും നേടി ഫോം തെളിയിച്ചിരുന്നു. ശരീരഭാരം കുറച്ച് പുതിയ ലുക്കില്‍ നില്‍ക്കുന്ന സര്‍ഫറാസിന്റെ ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ചിട്ടയായ ഡയറ്റാണ് ശരീരഭാരം കുറയ്‌ക്കാന്‍ സര്‍ഫറാസിനെ സഹായിച്ചത്. റൊട്ടി, ചോറ് എന്നിവയെല്ലാം കഴിക്കുന്നത് നിര്‍ത്തി. ബ്രോകോളി, കാരറ്റ്, സാലഡ്, പച്ചക്കറി സാലഡ് എന്നിവ കൂടുതലായി ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തി. ഗ്രില്‍ ചെയ്‌ത മീന്‍, ചിക്കന്‍, മുട്ടയുമെല്ലാം കഴിച്ചു. അവക്കാഡോ, മുളപ്പിച്ച ചെറുപയര്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ജിമ്മില്‍ ആഴ്‌ചയില്‍ ആറ് ദിവസവും ഒരു മണിക്കൂറെങ്കിലും വര്‍ക്കൗട്ടും നടത്തി. ദിവസവും ഒരു മണിക്കൂര്‍ ജോഗിങ്.





Comments