
ലണ്ടന്‍: കൗണ്ടി ക്രിക്കറ്റില്‍ വെടിക്കെട്ട് പ്രകടനവുമായി ഹാംപ്‌ഷയറിന്റെ ടോബി ആല്‍ബര്‍ട്ട്. തുടര്‍ച്ചയായി ആറ് സിക്‌സറടിച്ചാണ് ടോബി തിളങ്ങിയത്. ഹാംപ്‌ഷയറും സസക്‌സും തമ്മിലുള്ള വണ്‍ ഡേ കപ്പ് മത്സരത്തിലായിരുന്നു ടോബിയുടെ വെടിക്കെട്ട്. മത്സരത്തില്‍ ഹാംപ്‌ഷെയര്‍ 51 റണ്ണിനു ജയിച്ചു.
ആദ്യം ബാറ്റുചെയ്‌ത ഹാംപ്‌ഷയര്‍ ഒന്‍പത് വിക്കറ്റ് നഷ്‌ടത്തില്‍ 383 റണ്‍ അടിച്ചെടുത്തു. ഓപ്പണര്‍മാരായ ബെന്‍ മെയസും (109) അലി ഓറും (105) 35 ഓവറില്‍ 225 റണ്‍ കൂട്ടിച്ചേര്‍ത്തു. ശേഷമാണ് മൂന്നാമനായി ടോബി ഇറങ്ങുന്നത്. 37 പന്തില്‍ 86 റണ്ണെടുത്ത ടോബിയുടെ ഇന്നിങ്‌സ് ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചു. 43-ാം ഓവറിലാണ് ടോബി സിക്‌സര്‍ പൂരത്തിന് തുടക്കമിട്ടത്. ഓവറിലെ അവസാന രണ്ട് പന്തുകളും താരം നിലംതൊടാതെ അതിര്‍ത്തി കടത്തി. 26 പന്തില്‍ അര്‍ധ സെഞ്ചുറിയും കടന്നു. അടുത്ത ഓവറിലും വെടിക്കെട്ട് തുടര്‍ന്നു. 44-ാം ഓവറിലെ മൂന്നാം പന്താണ് ടോബി പിന്നീട് നേരിട്ടത്. അതില്‍ ടോബി ഹാട്രിക് സിക്‌സര്‍ കുറിച്ചു. ഓവറിലെ ശേഷിക്കുന്ന മൂന്ന് പന്തുകളും ടോബി സിക്‌സറടിച്ചു. പ്രഫഷണല്‍ ക്രിക്കറ്റില്‍ തുടര്‍ച്ചയായി ആറ് പന്തുകള്‍ സിക്‌സറടിക്കുന്ന 11-മത്തെ താരമാണ് ടോബി. 384 ലക്ഷ്യവുമായിറങ്ങിയ സസക്‌സ് 332 റണ്‍ വരെയെത്തി. ചാര്‍ലി ടിയറിന്റെ (111) സെഞ്ചുറിയും ജാക്ക് ലിയനിങ്, ഡാനിയേല്‍ ഇബ്രാഹിം എന്നിവരുടെ അര്‍ധ സെഞ്ചുറികളും മത്സരം ആവേശകരമാക്കി. സീസണില്‍ അവരുടെ ആറാം തോല്‍വിയാണിത്. ഹാംപ്‌ഷയറിന്റെ നാലാമത്തെ ജയവും.





Comments