പൊതു സംഭരണ പ്രക്രിയയെ സുതാര്യവും നീതിയുക്‌തവും കാര്യക്ഷമവുമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ വിപണിയാണ് ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ്‌പ്ലേസ് (ജെം). സര്‍ക്കാര്‍ മേഖലയിലെ 1.37 ലക്ഷം ഉപഭോക്‌താക്കളെ രാജ്യത്തുടനീളമുള്ള 25 ലക്ഷം വ്യാപരികളുമായും സേവന ദാതാക്കളുമായും ജെം ബന്ധിപ്പിക്കുന്നു.
സംഭരണ പ്രക്രിയയെ ലളിതവും കാര്യക്ഷമവുമാക്കിക്കൊണ്ട്, സര്‍ക്കാര്‍ മേഖലയിലെ എല്ലാ സംഭരണ പ്രവര്‍ത്തനങ്ങളെയും വിപുലമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ജെം സമന്വയിപ്പിക്കുന്നു. രാജ്യാന്തരതലത്തിലെ മികച്ച രീതികളെ രാജ്യത്തിന്റെ സമഗ്ര വികസനം എന്ന ലക്ഷ്യവുമായി ഇത് സമന്വയിപ്പിക്കുകയും 2047 ആകുമ്പോള്‍ ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമാക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ വികസിത് ഭാരത് ദര്‍ശനത്തെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു.2016ല്‍ ഈ ഡിജിറ്റല്‍ സംരംഭത്തിന് തുടക്കം കുറിച്ച ശേഷം, സാധനങ്ങളുടെയും സേവനങ്ങളുടെയും സര്‍ക്കാര്‍മേഖലയിലെ സംഭരണരീതിയെ ജെം മാറ്റി മറിച്ചു. പ്രക്രിയ കൂടുതല്‍ സുതാര്യമാവുകയും അഴിമതി കുറയുകയും ചെയ്‌തു. ചെറുപട്ടണങ്ങളിലെ സ്‌റ്റാര്‍ട്ടപ്പുകള്‍, സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ.), വനിതാ സംരംഭകര്‍, ബിസിനസുകള്‍ എന്നിവയ്‌ക്കായി പൊതു സംഭരണത്തില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടു.
സുഗമമായ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് ജെം. സുതാര്യവും മത്സരാധിഷ്‌ഠിതവുമായ സംഭരണത്തിന്റെ അഭാവം ദൃശ്യമായിരുന്ന പഴയ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സൈപ്ലസ് ആന്‍ഡ് ഡിസ്‌പോസല്‍സിനുള്ള പകരം സംവിധാനമായി ഇത് മാറി. ഉപയോക്‌തൃസൗഹൃദമായ പുതിയ പ്ലാറ്റ്‌ഫോം എല്ലാ വില്‍പ്പനക്കാര്‍ക്കും തുല്യവും ന്യായവുമായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു.
2016 ഓഗസ്‌റ്റ് ഒന്‍പതിന് ആരംഭിച്ച ജെം പത്ത് വര്‍ഷത്തെ വിജയകരമായ സേവനം പൂര്‍ത്തിയാക്കിയതില്‍ കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി എന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്. കേവലം കണക്കുകളെ ആഘോഷിക്കുന്നതിനുള്ള ഒരു നാഴികക്കല്ല് മാത്രമായി ഈ നേട്ടത്തെ പരിമിതപ്പെടുത്താനാവില്ല; രാഷ്‌ട്രനിര്‍മാണത്തിനും വികസനത്തിനും പിന്തുണ നല്‍കുന്നതില്‍ സഹായകമായ, പൊതു സംഭരണത്തിലെ അടിസ്‌ഥാനപരവും വിജയകരവുമായ പരിവര്‍ത്തനത്തെ ഇത് പ്രതിനിധീകരിക്കുന്നു.
സുതാര്യത, സുഗമമായ ബിസിനസ്
ഉല്‍പന്നങ്ങള്‍ കണ്ടെത്തുന്നതും ബിഡ്‌ഡിങ്ങും മുതല്‍, കരാറുകള്‍ നല്‍കുന്നതും പണം കൈമാറുന്നതും വരെയുള്ള മുഴുവന്‍ സര്‍ക്കാര്‍ സംഭരണ പ്രക്രിയയും ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ ജെം വിവേചനം ഇല്ലാതാക്കുകയും നീതിയുക്‌തമായ മത്സരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് വൈയക്‌തിക ഇടപെടല്‍ കുറയ്‌ക്കുകയും ന്യായമായ മത്സരം ഉറപ്പാക്കുകയും പൊതുജന വിശ്വാസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു, ഓരോ ഇടപാടും ഡിജിറ്റലായി രേഖപ്പെടുത്തുന്നു, ഇത് പ്രക്രിയയെ കൂടുതല്‍ സുതാര്യവും ഉത്തരവാദിത്വപൂര്‍ണവും വിശ്വസനീയവുമാക്കുന്നു.
ആത്മനിര്‍ഭര്‍ ഭാരത്
സ്വാശ്രയത്വം എന്ന ആശയത്തെയും ഇന്ത്യന്‍ ബിസിനസുകളുടെ വളര്‍ച്ചയെയും ജെം ശക്‌തമായി പിന്തുണച്ചിട്ടുണ്ട്. പ്രാദേശിക നിര്‍മാതാക്കള്‍ക്കും സേവനദാതാക്കള്‍ക്കും മുന്‍ഗണന നല്‍കുന്നതിലൂടെ, ആഭ്യന്തര വ്യവസായങ്ങളെ ശക്‌തിപ്പെടുത്താനും ചരക്കുകളുടെയും സേവനങ്ങളുടെയും ആഭ്യന്തര ഉത്‌പാദനം വര്‍ധിപ്പിക്കാനും ഇത് സഹായിച്ചിട്ടുണ്ട്.
ജെം പോര്‍ട്ടല്‍ മുഖേന നല്‍കുന്ന ഓരോ ഓര്‍ഡറും ഇന്ത്യയുടെ നിര്‍മാണ വൈദഗ്‌ധ്യത്തിലും സാമ്പത്തിക പരമാധികാരത്തിലുമുള്ള നിക്ഷേപമാണ്. പ്രത്യേകിച്ച്, ജെം പ്ലാറ്റ്‌ഫോമിലെ ഓര്‍ഡറുകളുടെ ഏകദേശം 60% മൊത്തം ഇടപാട് മൂല്യത്തിന്റെ (ജി.എം.വി.) 45ശാതമാനത്തിലധികവും സൂക്ഷ്‌മ, ചെറുകിട സംരംഭങ്ങളാണ് (എം.എസ്.ഇ.) സംഭാവന ചെയ്യുന്നത്.
സര്‍വാശേ്ലഷിയായ പൊതു സംഭരണം
സ്‌റ്റാര്‍ട്ടപ്പുകള്‍, ചെറുകിട ബിസിനസുകള്‍, വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍ എന്നിവയ്‌ക്ക് സര്‍ക്കാര്‍ സംഭരണത്തിലൂടെ അവരുടെ ഉല്‍പന്നങ്ങളും സേവനങ്ങളും തടസ്സരഹിതമായും ഇടനിലക്കാരില്ലാതെയും പ്രദര്‍ശിപ്പിക്കുന്നതിനു ജെം മാര്‍ഗ്ഗമൊരുക്കുന്നു. പൊതുസംഭരണ സംവിധാനങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള തടസ്സങ്ങള്‍ നിവാരണം ചെയ്യുന്നതിലൂടെയും പ്രവേശനം ജനാധിപത്യവത്‌ക്കരിക്കുന്നതിലൂടെയും, രാജ്യത്തുടനീളമുള്ള ചെറുകിട ബിസിനസുകളെ രാഷ്‌ട്രനിര്‍മാണത്തില്‍ സജീവ പങ്കാളികളാകാനും ഒരുകാലത്ത് സ്‌ഥാപിത കമ്പനികള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ബിസിനസ് മേഖലയിലേക്ക് പ്രവേശനമൊരുക്കാനും ജെം കാരണമായി.
ചെറുകിട ബിസിനസുകള്‍, വനിതാ സംരംഭകര്‍, സ്‌റ്റാര്‍ട്ടപ്പുകള്‍, എസ്.സി./എസ്.ടി. സംരംഭകര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ സംഭരണത്തില്‍ പങ്കെടുക്കുന്നതിന് ജെം ഗണ്യമായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. 12 ലക്ഷത്തിലധികം സൂക്ഷ്‌മ, ചെറുകിട സംരംഭങ്ങള്‍ക്ക് ഒന്‍പതു ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള സര്‍ക്കാര്‍ ഓര്‍ഡറുകള്‍ ലഭിച്ചു, 2.20 ലക്ഷത്തിലധികം വനിതാ സംരംഭകര്‍ക്ക് 99,713 കോടി രൂപയിലധികം മൂല്യമുള്ള ഓര്‍ഡറുകള്‍ ലഭിച്ചു, 42,000ത്തിലധികം സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് 65,600 കോടി രൂപയിലധികം മൂല്യമുള്ള ഓര്‍ഡറുകള്‍ ലഭിച്ചു. കൂടാതെ, 69,000ത്തിലധികം പട്ടികജാതി/പട്ടികവര്‍ഗ സംരംഭകര്‍ ജെം മുഖേന സര്‍ക്കാര്‍ സംഭരണത്തില്‍ പങ്കെടുക്കുകയും 23,145 കോടി രൂപയിലധികം മൂല്യമുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കുകയും ചെയ്‌തു.
വളര്‍ച്ചയ്‌ക്ക് ഉത്തേജനം
കേവലം ഡിജിറ്റല്‍ സംഭരണ ഉപാധി എന്നതിലുപരി, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്‌ക്കും സംരംഭകത്വത്തിനും സാമ്പത്തിക ശാക്‌തീകരണത്തിനും ജെം ഉത്തേജനം പകരുന്നു, അര്‍ഹരായ എല്ലാ സംരംഭങ്ങള്‍ക്കും ഇന്ത്യയുടെ വികസനത്തിന് സംഭാവന നല്‍കാന്‍ തുല്യ അവസരം ഉറപ്പാക്കുന്നു.
രണ്ടാം ദശകത്തിലേക്ക് കടക്കുമ്പോള്‍, പുതിയ സാങ്കേതികവിദ്യകള്‍ ഫലപ്രദമായി ഉപയോഗിക്കുന്ന, പരിസ്‌ഥിതി സൗഹൃദവും ലോകോത്തരവുമായ ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാക്കി അതിനെ മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നൂതനാശയക്കാര്‍, സ്‌റ്റാര്‍ട്ടപ്പുകള്‍, ചെറുകിട ബിസിനസുകള്‍, വനിതകള്‍, യുവാക്കള്‍, ചെറുപട്ടണങ്ങളില്‍നിന്നുള്ള സംരംഭകര്‍, പിന്നാക്ക സമൂഹങ്ങളില്‍നിന്നുള്ള ജനവിഭാഗങ്ങള്‍ അടക്കമുള്ളവര്‍ക്ക് സര്‍ക്കാര്‍ സംഭരണത്തില്‍ പങ്കെടുക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്നതും പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യമാണ്. സര്‍ക്കാര്‍ സംഭരണത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വിജയകരമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായ ജെം, സാങ്കേതികവിദ്യ, ഡേറ്റ വിശകലനം, നിര്‍മിത ബുദ്ധി, ഉപയോക്‌തൃസൗഹൃദ രൂപകല്‍പന എന്നിവയിലൂടെ പൊതു വിനിയോഗം എങ്ങനെ വേഗത്തിലും കാര്യക്ഷമമായും നിര്‍വഹിക്കാമെന്നും ചെലവ് കുറയ്‌ക്കാമെന്നും വ്യക്‌തമാക്കുന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തെ ജെമ്മിന്റെ ഇടപാട് മൂല്യം അഞ്ചു ലക്ഷം കോടി രൂപ കവിഞ്ഞു. ഇത് മൊത്തം ഇടപാട് മൂല്യം ഏകദേശം 20 ലക്ഷം കോടിയി രൂപലെത്തിച്ചു, 10,644 ഉല്‍പന്ന വിഭാഗങ്ങളിലേക്കും 350 സേവന വിഭാഗങ്ങളിലേക്കും ജെം വികസിച്ചു.
സുതാര്യവും കാര്യക്ഷമവുമായ സര്‍ക്കാര്‍ സംഭരണം അവശ്യവസ്‌തുക്കളും സേവനങ്ങളും വേഗത്തിലും ഫലപ്രദമായും ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നു. ആശുപത്രികള്‍ക്കുള്ള മരുന്നുകളും വാക്‌സിനുകളും, പ്രതിരോധ ഉപകരണങ്ങളും ഡ്രോണുകളും, സ്‌കൂളുകള്‍ക്കുള്ള ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളും, ഗ്രാമങ്ങള്‍ക്കുള്ള വിശ്വസനീയമായ അടിസ്‌ഥാന സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു, ഇത് മികച്ച പൊതു സേവനങ്ങളിലേക്കും സര്‍ക്കാര്‍ വിഭവങ്ങളുടെ പരമാവധി ഉപയോഗത്തിലേക്കും നയിക്കുന്നു.
പിയൂഷ് ഗോയല്‍
(കേന്ദ്ര വാണിജ്യവ്യവസായ മന്ത്രിയാണ് ലേഖകന്‍)







Comments