തിരുവല്ല: രാജ്യാന്തര ബാസ്‌കറ്റ്‌ബോള്‍ താരവും കോച്ചുമായിരുന്ന കല്ലൂപ്പാറ കൊച്ചു പാറക്കല്‍ (അലക്‌സ് വില്ല) കെ.വി. അലക്‌സാണ്ടര്‍ (84) അന്തരിച്ചു. ഇന്നലെ രാവിലെ പുഷ്‌പഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: അമ്മിണി. മക്കള്‍: ആശ, അഞ്ചു. മരുമക്കള്‍: അബി, ടെന്നി.
''അലക്‌സ് സര്‍'' എന്നറിയപ്പെട്ടിരുന്ന അദ്ദേഹം വ്യോമസേനയിലെ 13 വര്‍ഷത്തെ സേവനത്തിന് ശേഷമാണു പരിശീലകനായത്. 1910-80 കാലഘട്ടത്തില്‍ വ്യോമസേനാ ബാസ്‌കറ്റ്‌ബോള്‍ ടീമിനെ ദേശീയ, സര്‍വീസ് ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീടങ്ങളിലേക്കു നയിച്ച അലക്‌സാണ്ടര്‍ മികച്ച പ്ലേമേക്കര്‍മാരില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ കായികക്ഷമതാ പദ്ധതികള്‍ സൈനിക സ്‌പോര്‍ട്‌സ് ക്യാമ്പുകളുടെ ഔദ്യോഗിക പരിശീലന അടിത്തറയായി. 1973-ല്‍ ഫിലിപ്പീന്‍സില്‍ നടന്ന ഏഷ്യന്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങി. വ്യോമസേനയില്‍നിന്നു വിരമിച്ച ശേഷം കേരളാ സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ചേര്‍ന്ന കെ.വി. അലക്‌സാണ്ടര്‍ മികച്ച തന്ത്രജ്‌ഞനായി.
സെന്റ് തെരേസാസ് കോളജ് (എം.ജി. സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പ് വിജയികള്‍), ചങ്ങനാശേരി അസംപ്‌ഷന്‍ കോളജ് എന്നിവടങ്ങളിലെ പരിശീലന കാലയളവ് വനിതാ കോളജ് ബാസ്‌കറ്റ്‌ബോള്‍ രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കി. 1984 ല്‍ കട്ടക്കില്‍ നടന്ന സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ വനിതാ ടീമിന് കിരീടം നേടിക്കൊടുത്തത് അലക്‌സാണ്ടറുടെ മികവിലായി. പ്രസന്ന ജയശങ്കര്‍, രാജി തമ്പി തുടങ്ങിയ രാജ്യാന്തര താരങ്ങളെ വാര്‍ത്തെടുത്തത് അദ്ദേഹമാണ്. കേരളാ പോലീസ് ടീമിന് ആദ്യ ഫെഡറേഷന്‍ കപ്പ് നേടിക്കൊടുക്കാനും ഇന്ത്യന്‍ ജൂനിയര്‍ ടീമിനെ ജപ്പാന്‍ പര്യടനത്തില്‍ പരിശീലിപ്പിക്കാനും സാധിച്ചു. വിരമിച്ച ശേഷം ഒരു പതിറ്റാണ്ടിലേറെ പുഷ്‌പഗിരി മെഡിക്കല്‍ കോളജ് ടീമിനെയും തിരുവല്ല വൈ.എം.സി.എ സമ്മര്‍ ക്യാമ്പുകളെയും നയിച്ചു. സെജിന്‍ മാത്യു, ജോഷ്വ സുനില്‍, അര്‍ജുന്‍ തുടങ്ങിയ നിലവിലെ ദേശീയ ജൂനിയര്‍ താരങ്ങളെ കണ്ടെത്തി വളര്‍ത്തിയത് കെ.വി. അലക്‌സാണ്ടറാണ്. ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ അദ്ദേഹത്തെ 80-ാം ജന്മദിനത്തില്‍ ആദരിച്ചിരുന്നു.





Comments