
റൊസാരിയോ: കളിക്കളത്തില്‍നിന്നു വിരമിക്കുന്ന സൂചന നല്‍കി ഫുട്‌ബോള്‍ ഇതിഹാസം അര്‍ജന്റീനയുടെ ലയണല്‍ മെസി. പിതാവ് ഹോര്‍ഹെ മെസിയുടെ
അന്ത്യവുമായി ബന്ധപ്പെട്ട് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണു സൂപ്പര്‍ താരം ഫുട്‌ബോള്‍ കരിയര്‍ ദീര്‍ഘകാലം അധികം തുടരില്ലെന്ന സൂചന നല്‍കിയത്. ''പിതാവില്ലാതെ മുന്നോട്ടു പോകുക പ്രയാസമാണെന്നും അധിക കാലം കളിക്കളത്തില്‍ ഉണ്ടാകാനിടയില്ലെന്നും'' മെസി കുറിച്ചു. 68 വയസുകാരനായ ഹോര്‍ഹെ മെസി ഇന്ത്യന്‍ സമയം ശനിയാഴ്‌ച പുലര്‍ച്ചെയാണ് അന്തരിച്ചത്. ദീര്‍ഘകാലമായി റൊസാരിയോയിലെ സനാറ്റോറിയോ സെന്‍ട്രോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പിതാവിനെ അഭിസംബോധന ചെയ്‌താണ് മെസിയുടെ കുറിപ്പ്. അദ്ദേഹം വിടപറഞ്ഞതായി ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് മെസി കുറിച്ചു. ഫുട്‌ബോള്‍ ലോകകപ്പ് കിരീടം നിലനിര്‍ത്തി പിതാവിന് സമ്മാനിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന് സാധിച്ചില്ലെന്നും മെസി കുറിച്ചു. '' കാലുകള്‍ക്ക് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല. പരമാവധി ശ്രമിച്ചു, പക്ഷേ കിരീടം നേടാന്‍ കഴിഞ്ഞില്ല'' ഇതിഹാസ താരത്തിന്റെ വൈകാരിക കുറിപ്പ് തുടരുന്നു. താരത്തിന്റെ കുറിപ്പ് അദ്ദേഹം മുമ്പ് കളിച്ചിരുന്ന ബാഴ്‌സലോണ എഫ്.സി., കുട്ടിക്കാലത്തെ ക്ലബ് ന്യൂവെല്‍ ഓള്‍ഡ് ബോയ്‌സ് എന്നിവര്‍ പങ്കുവച്ചു. യു.എസിലെ മേജര്‍ സോക്കര്‍ ലീഗ് ക്ലബ് ഇന്റര്‍ മയാമിയുടെ താരമാണു മെസി. പിതാവിന്റെ നിര്യാണത്തെത്തുടര്‍ന്നു ജന്മനാടായ റൊസാരിയോയിലേക്കു മടങ്ങിയ മെസി കളിക്കളത്തില്‍നിന്നു കുറച്ചു നാള്‍ വിട്ടു നില്‍ക്കുകയാണെന്ന് ഇന്റര്‍ മയാമി വ്യക്‌തമാക്കിയിരുന്നു. ''നിങ്ങള്‍ ഇല്ലാതെ എന്ത് ചെയ്യുമെന്നറിയില്ല. എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ല. ഫുട്‌ബോള്‍ കളിക്കുക മാത്രമേ താന്‍ ചെയ്‌തിട്ടുള്ളൂ. അത് അധികകാലം തുടരുമോ എന്നതിനെക്കുറിച്ച് ഇപ്പോള്‍ സംശയമുണ്ട്. തുടക്കം മുതല്‍ നിങ്ങള്‍ കൂടെയുണ്ടായിരുന്നു'' മെസിയുടെ കുറിപ്പ് ക്ഷണ നേരം കൊണ്ട് വൈറലായി. ''ഞങ്ങള്‍ ലക്ഷ്യത്തോട് അടുത്തെത്തിയിരുന്നു. നമുക്ക് ഒരുമിച്ച് അവസാനിപ്പിക്കാന്‍ കുറച്ചുകൂടി നേരം പിടിച്ചുനില്‍ക്കാന്‍ താങ്കള്‍ക്ക് കഴിയാതിരുന്നത് എന്തു കൊണ്ടാണ്'' മെസി തുടരുന്നു.
ലോകകപ്പ് ഫൈനലില്‍ സ്‌പെയിന്‍ അര്‍ജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീനയെ തോല്‍പ്പിച്ചത്‌്. ഫെറാന്‍ ടോറസിന്റെ ഗോളാണ് കിരീടം നിലനിര്‍ത്താനിറങ്ങിയ മെസിക്കും സംഘത്തിനും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത തോല്‍വി സമ്മാനിച്ചത്. ''പിതാവ്, സുഹൃത്ത്, മാനേജര്‍'' എന്നിങ്ങനെയാണു ഹോര്‍ഹെയെ മെസി വിശേഷിപ്പിച്ചത്. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മെസിക്കു പിന്തുണയുമായി രംഗത്തെത്തി. മെസിയുടെ ജീവിതത്തിലും ഫുട്‌ബോള്‍ കരിയറിലും നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്‌തിയാണ് ഹോര്‍ഹെ.
ഹോര്‍ഹെയുടെ മരണ സമയത്ത് മെസി മയാമിയിലെ വീട്ടിലായിരുന്നു. മരണമറിഞ്ഞയുടനെ അര്‍ജന്റീനയിലേക്ക് കുടുംബത്തോടൊപ്പമെത്തി. മെസിയുടെ ഇതിഹാസ വഴിയില്‍ വലിയ കരുത്തായിരുന്നു ഹോര്‍ഹെ. 13 ാം വയസില്‍ മെസ്സി ബാഴ്‌സലോണയിലെത്തിയപ്പോഴും പിതാവ് കൂടെയുണ്ടായിരുന്നു. മാതാവ് സെലിയ കുചിറ്റിനി, മറ്റ് മക്കളായ റോഡ്രിഗോ, മത്യാസ്, മരിയ സോള്‍ എന്നിവരെ റൊസാരിയോയില്‍ നിര്‍ത്തിയാണ് ഹോര്‍ഹെ സ്‌പെയ്‌നിലേക്കു വിമാനം കയറിയത്.
മെസിയുടെ ഏജന്റായി പ്രവര്‍ത്തിച്ചത് പിതാവായിരുന്നു. ബാഴ്‌സലോണ, പാരീസ് സെയിന്റ് ജെര്‍മെയ്‌ന്‍, ഇന്റര്‍ മയാമിക്ല ബ്ബുകളുമായുള്ള കരാറുകളും വാണിജ്യ, പരസ്യ കരാറുകളും ഹോര്‍ഹെയാണു കൈകാര്യം ചെയ്‌തിരുന്നത്. എല്‍ പ്രാഡോ സെമിത്തേരിയിലായിരുന്നു ഹോര്‍ഹെയുടെ സംസ്‌കാര ചടങ്ങ്. കുടുംബാംഗങ്ങള്‍ മാത്രമാണു പങ്കെടുത്തത്. മോണ്ടെറിക്കെതിരായ ലീഗ് കപ്പ് മത്സരത്തിനു മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെയാണു ഹോര്‍ഹെയുടെ അന്ത്യ വിവരമറിയുന്നത്.




Comments