മുംബൈ: ക്രിക്കറ്റില്‍നിന്നു വിരമിച്ച ഇന്ത്യയുടെ മുന്‍ താരം അജിന്‍ക്യ രഹാനെ കമന്റേറ്ററുടെ റോളിലേക്ക്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലാണ് രഹാനെ പുതിയ റോളിലെത്തുന്നത്.
ഒന്നാം ടെസ്റ്റ് 15 നു ഗാലെയില്‍ തുടങ്ങും. സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കിന്റെ കമന്ററി പാനലിലാണ് രഹാനെ. കളിയിലെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും തീരുമാനങ്ങള്‍, തന്ത്രങ്ങള്‍, മത്സരത്തിലെ നിര്‍ണായക നിമിഷങ്ങള്‍ എന്നിവ ആരാധകര്‍ക്ക് കൂടുതല്‍ വ്യക്തമായി മനസിലാക്കിക്കൊടുക്കുന്നതിനുമാണ് താന്‍ ശ്രമിക്കുകയെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കായി 85 ടെസ്റ്റുകളിലായി 38.46 ശരാശരിയില്‍ 5,077 റണ്ണെടുക്കാന്‍ രഹാനെയ്ക്കായി. 12 സെഞ്ചുറികളും 26 അര്‍ധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. 2020-21ല്‍ ഓസ്ട്രേലിയയില്‍ ഇന്ത്യയെ ചരിത്ര ടെസ്റ്റ് പരമ്പര നേട്ടത്തിലേക്കു നയിച്ചത് രഹാനെയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ്.





Comments